
പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2020 ജൂലൈ 28 നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയ പിപി മത്തായിയെ എസ്റ്റേറ്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില്‍ കാണപ്പെട്ടത്. അന്നേദിവസം വൈകിട്ട് മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില്‍ നിന്നും വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു.
കാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം സംസ്‌കാരിക്കാതെ 40 ദിവസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ട് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചത്. സി ബി ഐ അന്വേഷണത്തില്‍ ഏഴ് വനം ഉദ്യോഗസ്ഥര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പുനരന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ കുടുംബം സി ബി ഐ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
മത്തായിയുടെ മരണം കൊലപാതകമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നരഹത്യാകുറ്റം ചുമത്തണമെന്നുമാണ് കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കിയതും പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നതും പിഴവായി ചൂണ്ടിക്കാട്ടി.
പുനരന്വേഷണ ആവശ്യം കോടതി അംഗീകരിക്കാതെ വന്നതോടെ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. പുനരന്വേഷണം നടത്തുന്നതില്‍ തടസ്സമില്ലെന്നും ഇക്കാര്യത്തില്‍ വാദംകേട്ട് കീഴ്‌ക്കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വിധിവന്നു. ഇതോടെയാണ് അഡ്വ. ജോണി കെ ജോര്‍ജ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ട തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവ് പുറത്തുവന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ കിട്ടണമെന്നും പുനരന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.