Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (07/06/2025 )

Spread the love

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്ന്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 40 കുടുംബങ്ങളിലായി 62 പുരുഷന്‍മാരും 60 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടെ 159 പേരാണ് ക്യാമ്പിലുള്ളത്. വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, പെരിങ്ങര പിഎംവി എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.

സ്റ്റാര്‍സ് വര്‍ണകൂടാരവുമായി  ഏറത്ത് പഞ്ചായത്ത്

ഏറത്ത് ഗ്രാമപഞ്ചായത്ത് തുവയൂര്‍ നോര്‍ത്ത് സര്‍ക്കാര്‍ എല്‍പിഎസിലെ സ്റ്റാര്‍സ് വര്‍ണ കൂടാരം  നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാഭ്യാസം  അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനും പഠനം രസകരമാക്കുന്നതിനുമാണ് എസ്എസ്‌കെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ അനുവദിച്ച് വര്‍ണകൂടാരം നിര്‍മിച്ചത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. അംഗങ്ങളായ മറിയാമ്മ തരകന്‍, അനില്‍ പൂതക്കുഴി, ഉഷ ഉദയന്‍, എല്‍സി ബെന്നി, സൂസന്‍, ഡി ജയകുമാര്‍, എസ്എസ്‌കെ ഡിപിഒ ഡോ. സുജമോള്‍ എന്നിവര്‍ പങ്കെടുത്തു.

സഹകരണ പെന്‍ഷന്‍ പുതുക്കല്‍: സിറ്റിംഗ് ജൂണ്‍ 26 ന്

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് വിവരം സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ജൂണ്‍ 26 ന് പത്തനംതിട്ട കേരള ബാങ്ക് ഹാളില്‍ സിറ്റിംഗ് നടത്തും. പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടു ത്തി രേഖകള്‍ സമര്‍പ്പിക്കണം. പെന്‍ഷന്‍കാര്‍ ജോലിചെയ്ത ബാങ്ക്/സംഘം രേഖകള്‍ ശേഖരിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തി സിറ്റിംഗ് നടത്തുന്ന കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു.


ലഹരി വിരുദ്ധ ബോധവല്‍കരണം

ജില്ലയില്‍ നാഷാമുക്ത ഭാരത് അഭിയാന്‍ പദ്ധതി കാമ്പയിന്‍ ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസിഡിഎസ്  സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ , അങ്കണവാടി പ്രവര്‍ത്തകര്‍  എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടത്തി.  ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ശ്രീനാദേവി കുഞ്ഞമ്മ  നിര്‍വഹിച്ചു .  ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ  ഷംലാ ബീഗം അധ്യക്ഷയായി.  കോഴഞ്ചേരി ജില്ലാ ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.പി റ്റി സന്ദീഷ് , സര്‍ക്കാര്‍ ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ.എസ്  മീന,  കെഎസ്എസ്എം ജില്ലാ  കോര്‍ഡിനേറ്റര്‍ എല്‍. പ്രീതാകുമാരി,  ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ  എന്നിവര്‍ പങ്കെടുത്തു.


വിവരം പുതുക്കണം

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പിന്റെ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് എഐഐഎസ് സോഫ്റ്റ്‌വെയറില്‍ അംഗങ്ങളുടെ പേര് , ജനനതീയതി, മൊബൈല്‍ നമ്പര്‍, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ തുടങ്ങിയ വിവരം  ജൂലൈ 31 നകം പൂര്‍ത്തിയാക്കണം. യു.ഐ.ഡി കാര്‍ഡിനായി 25 രൂപ അടയ്ക്കണം.

ജൂണ്‍ ഒമ്പത് മല്ലപ്പളളി പഞ്ചായത്ത് ഹാള്‍ , 12ന് പെരിങ്ങര ദേവമാതാ ആഡിറ്റോറിയം ( സ്വാമിപാലം ), 17ന് പ്രമാടം പഞ്ചായത്ത് ഹാള്‍ , 20ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഹാള്‍, 23 ന്  വെച്ചുച്ചിറ പഞ്ചായത്ത് ഹാള്‍ , 24ന്  ഇലന്തൂര്‍ വൈ.എം.എസ്.എ ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10  മുതല്‍  അഞ്ചുവരെ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.


ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

വൃക്ഷം വളര്‍ത്തല്‍  പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ക്കോ കുറഞ്ഞത് 15 വര്‍ഷം  ലീസിന് ഭൂമി കൈവശമുളളവര്‍ക്കോ ഭൂമിയുടെ രേഖകളോടെ പത്തനംതിട്ട/ റാന്നി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം.  ചന്ദനം, തേക്ക്, മഹാഗണി, ആഞ്ഞിലി,  പ്ലാവ്, കുമ്പിള്‍, കരിമരുത്, കമ്പകം, വെണ്‍തേക്ക്, ഈട്ടി വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്ന  വ്യക്തികള്‍ക്ക് തൈ നട്ട് മൂന്നു മുതല്‍ 15 വര്‍ഷം വരെ ധനസഹായം ലഭിക്കും.
അവസാന തീയതി ജൂണ്‍ 22. ഫോണ്‍ : 0468 2243452, 8547603707, 8547603708.


ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 11ന്

ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 11ന് ഉച്ചയ്ക്ക് ശേഷം 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 9ന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ബക്രീദ് പ്രമാണിച്ച് ജൂണ്‍ ഏഴിന് അവധിയാകയാല്‍ ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


എലിപ്പനി ജാഗ്രത വേണം

ജില്ലയില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം  63 സ്ഥിരീകരിച്ച കേസുകളും 20 സംശയാസ്പദ എലിപനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ സ്ഥിരീകരിച്ച ഒരുമരണവും രണ്ട് സംശയാസ്പദമരണവും ഉണ്ടായിട്ടുണ്ട്.

വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ , ശുചീകരണതൊഴിലാളികള്‍, പാടത്തും ജലാശയങ്ങളിലും വിനോദത്തിനായി മീന്‍ പിടിക്കാനിറങ്ങുന്നവര്‍ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുന്‍കരുതല്‍ മരുന്നായ ഡോക്‌സി സൈക്ലിന്‍ 200 മില്ലിഗ്രാം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം.


ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ 200 മില്ലി ഗ്രാം  ഡോക്‌സി സൈക്ലിന്‍ഗുളിക ആഴ്ചയിലൊരിക്കല്‍ ആറാഴ്ച വരെ കഴിക്കണം. ജോലി തുടരുന്നുവെങ്കില്‍ രണ്ട്  ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഴിക്കണം. ഭക്ഷണം കഴിച്ചതിനു ശേഷം മാത്രം ഗുളിക കഴിക്കണം.  ഗുളിക കഴിച്ചശേഷം ചിലര്‍ക്കുണ്ടാകുന്ന വയറെരിച്ചില്‍ ഒഴിവാക്കാന്‍ രണ്ട്ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.  ഗുളിക കഴിച്ച ശേഷം ഉടനേ കിടക്കരുത്. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിക്കിറങ്ങുന്നതിന്റെ തലേദിവസം ഗുളിക കഴിക്കണം.


എലിപ്പനി -പ്രതിരോധമാണ് പ്രധാനം

ശരീരത്തില്‍ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവര്‍, പാദം വിണ്ടുകീറിയവര്‍, ഏറെ നേരം വെള്ളത്തില്‍ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവര്‍ തുടങ്ങിയവരില്‍ എലിപ്പനിക്ക് കാരണമാകുന്ന രോഗാണുവിന് പ്രവേശിക്കാന്‍ എളുപ്പമാണ്. ശരീരത്തില്‍ മുറിവുളളവര്‍ ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികള്‍ ചെയ്യാതിരിക്കുക. ജോലി ചെയ്യേണ്ട സാഹചര്യം വന്നാല്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളായ കയ്യുറ, കാലുറ എന്നിവ ധരിക്കുകയും ഡോക്‌സി സൈക്ലിന്‍ കഴിക്കുകയും വേണം. വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ധരിക്കുക.

വിനോദത്തിനായി മീന്‍ പിടിക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിച്ച് എലിപ്പനിക്കെതിരായ മുന്‍കരുതല്‍ എടുക്കുക. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില്‍ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവര്‍ മൃഗങ്ങളുടെ വിസര്‍ജ്യങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന വെളളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

ആഹാരവും കുടിവെള്ളവും എലി മൂത്രം കലര്‍ന്ന് മലിനമാകാതെ മൂടിവെക്കുക. മഴക്കാലത്ത് ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. കടുത്ത പനി, തലവേദന , ക്ഷീണം, ശരീര വേദന , കാല്‍വണ്ണയിലെ പേശികളില്‍ വേദന , കണ്ണിന് മഞ്ഞനിറം എന്നിവ ഉണ്ടായാല്‍ സ്വയംചികില്‍സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. മലിനജലവുമായി സമ്പര്‍ക്കം വന്നിട്ടുണ്ടെങ്കില്‍  ഡോക്ടറോട് പറയണം. ഇത് രോഗനിര്‍ണയം കൂടുതല്‍ എളുപ്പമാക്കും. കുട്ടികളെ മലിനജലത്തില്‍ കുളിക്കാനോ കളിക്കാനോ അനുവദിക്കരുതെന്നും മഴക്കാലമായതിനാല്‍ മറ്റ്പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മംഗല്യപദ്ധതിക്ക് അപേക്ഷിക്കാം

വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി  www.schemes.wcd.kerala.gov.in  വെബ്‌സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. ഫോണ്‍. 0468 2966649


റിസോഴ്‌സ് പേഴ്‌സണ്‍ തിരഞ്ഞെടുപ്പ്

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ  ഒ.ആര്‍.സി പദ്ധതിയുടെ 2025 – 2026 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും.
അഥവാ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍
കുറയാത്ത പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും
അഥവാബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍.
അപേക്ഷയോടൊപ്പം ബയോഡേറ്റ, ജനന തീയതി, യോഗ്യത, താമസസ്ഥലം  തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. 2025 ജൂണ്‍ ഒന്നിന് അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട – 689533 വിലാസത്തില്‍ ജൂണ്‍ 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ ലഭിക്കണം.  ഫോണ്‍: 0468 2319998.


അഭിമുഖം ജൂണ്‍ 12ന്

ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 2025-26 വര്‍ഷത്തേക്ക് കോളജ് സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം  തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 12ന് രാവിലെ 11ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2263636.


വ്യക്തിഗത ആനുകൂല്യ വിതരണം

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതി പ്രകാരം  വ്യക്തിഗത ആനുകൂല്യ വിതരണത്തിനുളള അപേക്ഷാം ഫോം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ അങ്കണവാടികൡ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 16 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം.  ഫോണ്‍ : 0468 2362037.


കൊമേഴ്‌സ്യല്‍ അപ്രന്റിസ് നിയമനം

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു.  പ്രായപരിധി -26 വയസ്. യോഗ്യത- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.  പ്രതിമാസ സ്റ്റൈഫന്റ് – 9000 രൂപ. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖ (ഉണ്ടെങ്കില്‍) , ഫോട്ടോ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി എതിര്‍വശമുളള ജില്ലാ കാര്യാലയത്തില്‍ ജൂണ്‍ ഒമ്പതിന് രാവിലെ 11ന് ഹാജരാകണം. മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ : 0468 2223983.


സഹായഹസ്തം പദ്ധതി

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള 55 വയസിനു താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് സഹായഹസ്തം പദ്ധതിയില്‍ അപേക്ഷിക്കാം. ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കും. www.schemes.wcd.kerala.gov.in വെബ്‌സൈറ്റ്  മുഖേന അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ ഒന്ന്.  ഫോണ്‍. 0468 2966649.

error: Content is protected !!