
വിദ്യാര്‍ഥികള്‍ പഠനത്തിനൊപ്പം സ്വയം തൊഴിലും സ്വായത്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂര്‍ സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍. പുതിയ പഠനസാങ്കേതികവിദ്യകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി പഠനത്തിനൊപ്പം പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തണം.
കുട്ടിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭ്യാസം നേടാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികളുടെ പഠനത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ ചൈല്‍ഡ് ലേബര്‍ റിഹാബിലിറ്റേഷന്‍-കം-വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അതിഥി തൊഴിലാളികളുടെ കുടുംബത്തില്‍ നിന്ന് പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായി.
ജില്ലാ ലേബര്‍ ഓഫീസര്‍ എസ് സുരാജ്, അടൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.ആര്‍. സനില്‍കുമാര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ശരത് കുമാര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക എ എസ്. സന്തോഷ് റാണി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.