
konnivartha.com: തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകളുടെ എണ്ണം 1099 ആയി. നേരത്തെ 1042 ആയിരുന്നു. ഗ്രാമപഞ്ചായത്ത് 833, ബ്ലോക്ക് പഞ്ചായത്ത് 114, ജില്ലാ പഞ്ചായത്ത് 17, നഗരസഭ 135 എന്നിങ്ങനെയാണ് പുതിയ വാര്‍ഡുകളുടെ എണ്ണം. മുമ്പ് യഥാക്രമം 788, 106, 16, 132 എണ്ണമായിരുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് ചെയര്‍മാനും വിവിധ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാരായ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ.ബിജു, എസ്. ഹരികിഷോര്‍, ഡോ. കെ.വാസുകി എന്നിവര്‍ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് ജോസ്നമോള്‍ സെക്രട്ടറിയുമായ ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനപ്രക്രിയ പൂര്‍ത്തിയാക്കിയത്.
മൂന്ന് ഘട്ടമായിട്ടായിരുന്നു വാര്‍ഡ് പുനര്‍വിഭജനപ്രക്രിയ. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിലുമാണ് പുനര്‍വിഭജനം നടത്തിയത്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു പുനര്‍വിഭജനം. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 21,900ല്‍ നിന്ന് 23,612 ആയി വര്‍ധിച്ചു.
വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കിയത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ ഇ ഗസറ്റ് വെബ് സൈറ്റില്‍ (www.compose.kerala.gov.in) ലഭിക്കും.
വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹീയറിംഗിന് ഹാജരായവരുടെ പരാതി പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്മാന് എ.ഷാജഹാന് പറഞ്ഞു.