നെഹ്റു ട്രോഫി വള്ളംകളി :വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 27/08/2025 )

Spread the love

 

നെഹ്റു ട്രോഫി വള്ളംകളി: 30ന് ജില്ലയിൽ പ്രാദേശിക അവധി

നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

 

നെഹ്‌റുട്രോഫി വഞ്ചിപ്പാട്ട് മത്സരം ഇന്ന് (27)

71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്ന് (ആഗസ്റ്റ് 27ന്) ആലപ്പുഴ മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനാകും. പോപ്പി ഗ്രൗണ്ടിൽ രാവിലെ എട്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പതാക ഉയർത്തും. വഞ്ചിപ്പാട്ട് വള്ളം പണിത തങ്കച്ചൻ ആചാരിയെ ചടങ്ങില്‍ ആദരിക്കും. മുൻ എംഎൽഎ കെ കെ ഷാജു, നഗരസഭ ഉപാധ്യക്ഷൻ പിഎസ്എം ഹുസൈൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ആറന്മുള ശൈലി, കുട്ടനാട് ശൈലി, വെച്ചുപാട്ട് എന്നിങ്ങനെയാണ് മത്സരയിനങ്ങൾ. പുരുഷന്മാർ, സ്ത്രീകൾ, സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.

വള്ളംകളിക്കും വഞ്ചിപ്പാട്ടിനും സമഗ്ര സംഭാവന നൽകിയ കൈനകരി സുരേന്ദ്രന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മക്കൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് മകനും ചലച്ചിത്ര പിന്നണിഗായകനുമായ സുധീപ് കുമാർ ചടങ്ങിൽ വിതരണം ചെയ്യും. കുട്ടനാട് ശൈലി സ്ത്രീ, പുരുഷ ടീമുകള്‍ക്ക് 10001 രൂപവീതമാണ് ഈ വർഷം മുതൽ തുടർച്ചയായി നൽകുന്നത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയാകും. സബ് കളക്ടർ സമീർ കിഷൻ, നഗരസഭാഗം അഡ്വ. റീഗോ രാജു, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ പി എസ് വിനോദ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

 

വള്ളംകളി എക്‌സ്പ്രസ്’ യാത്ര: ഇന്നത്തെ (27) പര്യടനം

വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കാൻ ‘വള്ളംകളി എക്‌സ്പ്രസ്’ യാത്ര ഇന്ന് (ആഗസ്റ്റ് 27 ന്) എടത്വയിൽ. രാവിലെ 10 മണിക്ക് എടത്വ കോളേജിൽ പര്യടനം നടത്തും. തുടർന്ന് മങ്കൊമ്പ്, ചമ്പക്കുളം, പൂപ്പള്ളി, കൈതവന, പഴവീട്, കെ.എസ്.ആർ.ടി.സി, പുന്നമട, തലവടി, മണ്ണഞ്ചേരി, തണ്ണീർമുക്കം, വെച്ചൂർ, കുമരകം, തല യാഴം വഴി ചേർത്തലയിലെത്തും.

71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റിയാണ് പ്രചാരണ വാഹനം തയ്യാറാക്കിയത്. നെഹ്റു ട്രോഫി കാണാനുള്ള സൗകര്യവും ബസ്സിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന വാഹനത്തിൽ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം, തീം സോങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണാം. ആഗസ്റ്റ് 28 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്‌സ്പ്രസ് പര്യടനം നടത്തും. സന്ദർശകർക്ക് ഉള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യോക കേന്ദ്രങ്ങളിൽ വണ്ടിയിൽ സൗകര്യം ഒരുക്കും.

 

ശുചിത്വ ജലോത്സവം വിളംബരം ചെയ്ത് ജലഘോഷയാത്ര

71-ാമത് നെഹ്രുട്രോഫി വള്ളംകളി ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്‍റെ പ്രചാരണാര്‍ത്ഥം ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച ജലഘോഷയാത്ര നഗരസഭാധ്യക്ഷ കെകെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ഹരിതചട്ടം പാലിക്കുന്നതിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നാല്‍പ്പാലത്തിനു സമീപത്തു നിന്നും കയാക്കിങ് വള്ളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ജലഘോഷയാത്ര ശവക്കോട്ടപാലത്തിനു സമീപം സമാപിച്ചു.

വേമ്പനാട് കായലിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന സന്ദേശം ഉള്‍ക്കൊണ്ട് കായലിനെ ശുചിയായി കാത്തു സൂക്ഷിക്കും എന്ന പ്രതിജ്ഞയോടെയാണ് ജലഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാ ഭരണകൂടം, നഗരസഭ, ഡിറ്റിപിസി, മുസിരിസ് പൈതൃക പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗന്ദര്യവല്‍ക്കരിച്ച കനാലിലൂടെ ആദ്യമായാണ് കയാക്കിങ് വള്ളങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചത്.

വള്ളംകളി നടക്കുന്ന പ്രദേശവും സമീപ പ്രദേശങ്ങളും ഗ്രീന്‍ സോണായി പ്രഖ്യാപിച്ച് പവലിയനിലും ഗ്യാലറിയിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രകൃതി സൗഹൃദ ഉല്പന്നങ്ങളാലാണെന്ന് ഉറപ്പു വരുത്തും. പരസ്യ നോട്ടീസുകള്‍ ഗ്രീന്‍ സോണില്‍ പൂര്‍ണ്ണമായും ഒഴിവാക്കും. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൂര്‍ണ്ണമായും ജലോത്സവം ഹരിതാഭമാക്കും.

കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രൊജക്ടിൻ്റെ സഹകരണത്തോടെ നഗരസഭ സംഘടിപ്പിച്ച ജലോത്സവ വിളംബര ഘോഷയാത്രയില്‍
വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍ അധ്യക്ഷനായി. ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എ എസ് കവിത, ആര്‍ വിനിത, കൗണ്‍സിലര്‍മാരായ ബി നസീര്‍, കെഎസ് ജയന്‍, രാഖി രജികുമാര്‍,സിമിഷാഫിഖാന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി ഷിന്‍സ്, കെഎസ്ഡബ്ലിയുഎംപി ജില്ലാ പ്രോഗ്രാം മാനേജര്‍ സുചിത്ര എസ് പണിക്കര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെഎസ് രാജേഷ്, ഹെല്‍ത്ത് ഓഫീസര്‍ കെപി വര്‍ഗ്ഗീസ്, നോഡല്‍ ഓഫീസര്‍ സി ജയകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ സംബന്ധിച്ചു.

നെഹ്‌റു ട്രോഫി വള്ളംകളി: റീല്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച റീല്‍സ് മല്‍സര വിജയികളെ പ്രഖ്യാപിച്ചു. കോമല്ലൂർ സ്വദേശി ദേവയാനം കരിമുളയ്ക്കൽ ശ്രീകല ദേവയാനം ഒന്നാം സ്ഥാനം നേടി. മാന്നാർ സ്വദേശി ഓടാട്ടു കിഴക്കേതിൽ പരുമലക്കടവ് ഒ എസ് സത്താർ, അവലൂക്കുന്ന് സ്വദേശി രാജഗിരി ഹൗസിൽ രാജേഷ് രാജഗിരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന് സഹായകരമായതും വള്ളംകളിയും പുന്നമടക്കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളതുമായ റീലുകളാണ് വിജയികൾ തയ്യാറാക്കിയത്. സിനിമാറ്റോഗ്രാഫർ ജഗൻ പാപ്പച്ചൻ, ഐപിആർഡി സീനിയര്‍ ഫോട്ടോഗ്രാഫർ പി ഡാലു എന്നിവരടങ്ങിയ വിധികർത്താക്കളുടെ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ വെബ്‌ സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കും.

error: Content is protected !!