
konnivartha.com: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. ‘ജലമാണ് ജീവന്‍’ ജനകീയ ക്യാമ്പയിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ (ഓഗസ്റ്റ് 30, 31) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും.
ജില്ലയിലെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം.
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ചുറപ്പു വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരവും പരിശോധനയിലൂടെ ഉറപ്പുവരുത്തും.
പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജലസ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
ഇതോടൊപ്പം ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കും. ഓണാവധിക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനങ്ങളും ബോധവല്‍കരണവും നല്‍കും.
അമീബിക് മസ്തിഷ്‌കജ്വരം – പ്രതിരോധ മാര്‍ഗങ്ങള്‍
നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നതും മുങ്ങുന്നതും എന്നിവ ഒഴിവാക്കുക. നീന്തുമ്പോഴോ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളി ലോ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക. ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക. ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ചെളി കലക്കുന്നതും അടിത്തട്ട് കുഴിക്കുന്നതും ഒഴിവാക്കുക.
ന്മ നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത് ശരിയായ രീതിയില്‍ പരിപാലിക്കണം.
സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക. തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക. ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക. പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്നുമാസം കൂടുമ്പോള്‍ നല്ലതു പോലെ തേച്ച് വൃത്തിയാക്കണം.
രോഗം പകരില്ല മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് രോഗം പകരില്ല. രോഗലക്ഷണമുള്ളവര്‍ പരിശോധയ്ക്ക് എത്തുമ്പോള്‍ സമീപകാലത്ത് കുളത്തിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങി മൂക്കില്‍ വെള്ളം കയറാനിടയായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് ഡി.എം.ഒ പറഞ്ഞു.