മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി
konnivartha.com/മാവേലിക്കര: അമൃത ഭാരത് പദ്ധതിയുടെ ഭാഗമായി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേയുടെ ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സ്റ്റേഷൻ സന്ദർശിച്ച എംപി, നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.
സന്ദർശനത്തിനിടെ നേരത്തെ തന്റെ ഇടപെടലിൽ ഡിവിഷൻ പദ്ധതിയായി നിർദ്ദേശിച്ച ലിഫ്റ്റ് പ്രവർത്തനസജ്ജമായത് യാത്രക്കാർക്ക് ഗുണകരമാണെന്ന് എംപി അഭിപ്രായപ്പെട്ടു. യാത്രക്കാർക്ക് ഗുണകരമാണെന്ന് എംപി അഭിപ്രായപ്പെട്ടു. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന തോടുകൂടി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, ക്ലോക്ക് റൂം, ശൗചാലയങ്ങൾ, മതിയായ ഇരിപ്പിടങ്ങൾ എന്നിവ യാത്രക്കാർക്ക് ലഭ്യമാകുമെന്നും നിലവിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിനൊപ്പം കോച്ച് പൊസിഷൻ സൂചികകളും ഉടൻ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതുതായി എഫ്സിഐ റോഡിൽ നിന്ന് മൂന്ന്, രണ്ട്, ഒന്ന് നമ്പർ പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് എംപി നിർദ്ദേശിച്ചു. സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. പാർക്കിംഗ് ഏരിയയിൽ രാത്രിയിൽ എത്തുന്ന യാത്രക്കാർക്ക് മതിയായ ലൈറ്റിംഗ് സൗകര്യവും സിസിടിവി സർവൈലൻസും അടിയന്തിരമായി ഏർപ്പെടുത്തണമെന്നും, ഇക്കാര്യങ്ങൾ ഉടൻ നടപ്പിലാക്കാത്ത പക്ഷം കരാറുകാരുടെ മേൽ നടപടി സ്വീകരിക്കണമെന്നും എംപി വ്യക്തമാക്കി.
ഇതോടൊപ്പം കല്ലുമല റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമ്മാണ പുരോഗതിയെക്കുറിച്ചുള്ള അവലോകന യോഗം ഒക്ടോബർ 8-ന് ഡിവിഷൻ ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിലൂടെ മാവേലിക്കര റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം കഴിഞ്ഞ ആഴ്ചകളിൽ ചെന്നൈ- കോട്ടയം സ്പെഷ്യൽ എക്സ്പ്രസിനും തിരുവനന്തപുരം നോർത്ത് – സാന്ദ്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിനും മാവേലിക്കരയിൽ സ്റ്റോപ്പ് ലഭ്യമാക്കിയിരുന്നു.