നിയമസഭയിൽ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ അവതരിപ്പിച്ചു

Spread the love

 

സിൻഡിക്കേറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് സർവ്വകലാശാലകൾക്കും വിദ്യാർത്ഥികൾക്കും അത്യന്താപേക്ഷിതമാണെന്നും അതുറപ്പാക്കാനാണ് സർവ്വകലാശാലാ ഭേദഗതി ബില്ലുകളെന്നും ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. നിയമസഭയിൽ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈസ് ചാൻസലർമാർ ചില ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനങ്ങൾ എടുക്കുന്ന രീതി ഇപ്പോഴുണ്ടെന്നും ചിലപ്പോഴെങ്കിലും വൈസ് ചാൻസലർമാർ തങ്ങളുടെ അധികാരപരിധിക്ക് പുറത്ത് തീരുമാനമെടുക്കുകയും നിയമസംവിധാനങ്ങൾ ആവശ്യപ്പെടുന്ന നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടപ്പിലാക്കിയ പരിഷ്‌കാരങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് അവർക്കവകാശപ്പെട്ട സേവനങ്ങൾ എത്രയും വേഗത്തിലും ഗുണമേന്മ ഉറപ്പാക്കിയും ലഭിക്കുന്നതിനുള്ളതാണ്. പരീക്ഷകളും മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും എല്ലാം വേഗത്തിലും സമയനിഷ്ഠയോടെയും നടപ്പിലാക്കാൻ കഴിഞ്ഞു. കോവിഡിന്റെ കാലത്ത് താളം തെറ്റിപ്പോയ അക്കാദമിക് കലണ്ടർ എല്ലാ സർവ്വകലാശാലകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഏകീകരിച്ച് ചിട്ടയായി നടപ്പിലാക്കി. ഇതിലൂടെ വിദ്യാർത്ഥികൾ കാലാകാലങ്ങളായി അനുഭവിച്ചു വന്നിരുന്ന ഉത്കണ്ഠകൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടു.

കെ-റീപ്പ് എന്ന പേരിൽ സർക്കാർ നടപ്പിലാക്കിയ സമഗ്ര എന്റർപ്രൈസ് റിസോഴ്സ് സംവിധാനത്തിന്റെ ആദ്യ ഘട്ടം കണ്ണൂർ സർവ്വകലാശാല പൂർണ്ണമായും നടപ്പിലാക്കി. സർവ്വകലാശാല റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ തന്നെ മാർക്ക് ലിസ്റ്റ് വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന വേഗത കൈവരിക്കാൻ കഴിഞ്ഞു. സംസ്‌കൃതം, മലയാളം സർവ്വകലാശാലകൾ കെ-റീപ്പ് നടപ്പിലാക്കി വരുന്നു. കാലിക്കറ്റ് സർവ്വകലാശാലയിൽ ആദ്യപാദം നടപ്പിലായി. മറ്റു സർവ്വകലാശാലകളും കെ-റീപ്പ് നടപ്പിലാക്കുന്നതോടെ വിദ്യാർത്ഥികളുടെ അക്കാദമിക് രേഖകൾ കൈമാറുന്നതിനും പരിശോധിക്കുന്നതിനും കാലതാമസംവിനാ സാധ്യമാകും. കൂടാതെ മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം ഡിജിറ്റലായി തത്സമയം ലഭിക്കുന്നതിനുള്ള സംവിധാനം തയ്യാറുമാണ്.

എന്നാൽ, ഇതൊക്കെ പ്രാബല്യത്തിൽ വരുന്നതിന് സർവ്വകലാശാലാ നിയമപ്രകാരമുള്ള വിവിധ സംവിധാനങ്ങൾ സമയനിഷ്ഠയോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. സർവ്വകലാശാലാ ഭരണ സംവിധാനത്തിൽ ഏറ്റവും പ്രമുഖമായ സിൻഡിക്കേറ്റുകൾ ആവശ്യാനുസരണം യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളേണ്ട ധാരാളം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്നതും ഇനിയും നടപ്പിലാക്കേണ്ടതുമായ എല്ലാ പരിഷ്‌കരണ പ്രവർത്തനങ്ങൾക്കും നടുനായകത്ത്വം വഹിക്കേണ്ടത് സർവ്വകലാശാലാ സിൻഡിക്കേറ്റുകളാണ്. .

നിലവിൽ സിൻഡിക്കേറ്റുകൾ രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരണമെന്നാണ് ആക്ടുകളിലും സ്റ്റാറ്റിയൂട്ടുകളിലും നിബന്ധന. അല്ലെങ്കിൽ വൈസ് ചാൻസലർക്ക് ആവശ്യമെന്ന് തോന്നിയാൽ യോഗം ചേരാമെന്നും നിബന്ധനയുണ്ട്. ഇതോടൊപ്പം സിൻഡിക്കേറ്റിലെ മൂന്നിലൊന്ന് അംഗങ്ങൾ രേഖാമൂലമാശ്യപ്പെട്ടാൽ ഏഴു ദിവസത്തിനകം സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർക്കുന്നതിന് വൈസ്ചാൻസലറെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ ആക്ടിൽ ഉൾപ്പെടുത്തുന്ന ഭേദഗതിയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.

വൈസ് ചാൻസലർ എന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല സിൻഡിക്കേറ്റുകൾ പ്രവർത്തിക്കേണ്ടത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളാണ് സിൻഡിക്കേറ്റുകൾ. വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന പൊതുസമൂഹത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തം പ്രധാനമായും ഏറ്റെടുക്കേണ്ടത് സിൻഡിക്കേറ്റുകളാണ്. അവയുടെ പ്രവർത്തനം വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളിൽ ഒതുങ്ങേണ്ടതല്ല.

സംസ്ഥാനത്തിന് യോജിക്കാത്തതും ഇവിടത്തെ ജനത ഉൾക്കൊള്ളാത്തതുമായ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾ കാണാതെയിരുന്നു കൂടായെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

error: Content is protected !!