സർക്കാരിന് അനാസ്ഥ:ജനങ്ങൾ ഭീതിയില്‍ :കൊടിക്കുന്നിൽ സുരേഷ് എം.പി

Spread the love

 

പത്തനാപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം: സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും അനാസ്ഥ : കൊടിക്കുന്നിൽ സുരേഷ് എം.പി.

konnivartha.com; കൊല്ലം ജില്ലയിലെ ചങ്ങാപ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും ഗുരുതരമായ അനാസ്ഥയുടെയും അലംഭാവത്തിന്റെയും തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.

മനുഷ്യവാസ പ്രദേശങ്ങളിൽ വന്യജീവികളുടെ കടന്നുകയറ്റം ദിവസേന വർധിച്ചുവരുന്നുവെങ്കിലും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് എം.പി. ആരോപിച്ചു.

വനം വകുപ്പിന്റെ ഫീൽഡ് സംവിധാനങ്ങൾ ദുർബലമായതും, ആധുനിക നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള പ്രധാന കാരണം എന്നും എം.പി. ചൂണ്ടിക്കാട്ടി. ചങ്ങാപ്പാറയിൽ നടന്ന സംഭവം, വന്യജീവി നിയന്ത്രണ സംവിധാനത്തിലെ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ഭീതിയിലായിരിക്കെ സർക്കാർ അനാസ്ഥയോടെ നോക്കി നിൽക്കുന്ന അവസ്ഥ സംസ്ഥാനത്ത് നിലനിൽക്കുകയാണെന്നും, അടിയന്തിരമായി സമഗ്രമായ വന്യജീവി നിയന്ത്രണ നയം രൂപീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

അടുത്തയാഴ്ച പത്തനാപുരം മണ്ഡലത്തിലെ വന്യജീവി ആക്രമങ്ങൾ ഏറെയുള്ള പ്രദേശങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിക്കുമെന്ന് എം.പി. വ്യക്തമാക്കി.

വനം വകുപ്പിന്റെ ഫീൽഡ് സ്റ്റാഫിനും രക്ഷാപ്രവർത്തന സംഘങ്ങൾക്കും ആവശ്യമായ പരിശീലനം, ഉപകരണങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കണമെന്നും, ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര പ്രതികരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു

error: Content is protected !!