
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് നിര്‍വഹിക്കും.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം
പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍
പട്ടികജാതി സംവരണം 8- മല്ലപ്പളളി
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി, 5- കുറ്റൂര്‍, 7- ഓതറ, 10- നിരണം, 11- കൊമ്പന്‍കേരി,
14- നെടുമ്പ്രം
പട്ടികജാതി സ്ത്രീ സംവരണം 9- കടപ്ര
പട്ടികജാതി സംവരണം 1- ആലംതുരുത്തി
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- തെള്ളിയൂര്‍, 6- പ്ലാങ്കമണ്‍, 7- അയിരൂര്‍, 10- പുല്ലാട്, 12- തട്ടക്കാട്, 14- നന്നൂര്‍
പട്ടികജാതി സ്ത്രീ സംവരണം 3- വെണ്ണിക്കുളം
പട്ടികജാതി സംവരണം 11- കുമ്പനാട്
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3- കീക്കൊഴൂര്‍, 4- കടമ്മനിട്ട, 10- ചെന്നീര്‍ക്കര, 11- മുട്ടത്തുകോണം, 12- ഇലന്തൂര്‍, 13- കുഴിക്കാല
പട്ടികജാതി സ്ത്രീ സംവരണം 14- മല്ലപ്പുഴശേരി
പട്ടികജാതി സംവരണം 1- കോഴഞ്ചേരി
റാന്നി ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3- നാറാണംമൂഴി, 4- വെച്ചൂച്ചിറ, 5- കൊല്ലമുള, 10- മാമ്പാറ, 11- വടശേരിക്കര, 12- വലിയകുളം, 14- അങ്ങാടി
പട്ടികജാതി സംവരണം 7- ആങ്ങമൂഴി
കോന്നി ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 5- അതുമ്പുംകുളം, 6- മെഡിക്കല്‍ കോളജ്, 7- അരുവാപ്പുലം, 8- വകയാര്‍, 11- വി-കോട്ടയം, 12- കൈപ്പട്ടൂര്‍
പട്ടികജാതി സ്ത്രീ സംവരണം 9- കോന്നി ടൗണ്‍
പട്ടികജാതി സംവരണം 1- മൈലപ്ര
പന്തളം ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- തുമ്പമണ്‍താഴം, 9- കുളനട, 10- മെഴുവേലി, 11- ഉള്ളന്നൂര്‍, 12- മാന്തുക
പട്ടികജാതി സ്ത്രീ സംവരണം 7- പൊങ്ങലടി, 13- വല്ലന
പട്ടികജാതി സംവരണം 14- നീര്‍വിളാകം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- പഴകുളം, 7- അങ്ങാടിക്കല്‍ ഹൈസ്ക്കൂള്, 11- ഇളമണ്ണൂര്‍, 12- കുന്നിട, 13- കൈതപറമ്പ്, 15- വേലുത്തമ്പി ദളവ
പട്ടികജാതി സ്ത്രീ സംവരണം 4- വടക്കടത്തുകാവ്, 9- കൂടല്‍
പട്ടികജാതി സംവരണം 1- തെങ്ങമം
പരുമലപള്ളി പെരുന്നാള്‍: തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഹെല്‍പ്പ് ഡെസ്ക്ക് :മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പ് വിലയിരുത്തി
ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്നു വരെ നടക്കുന്ന പരുമലപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയില്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തിക്കും. 9188933746 ആണ് നമ്പര്‍. തീര്‍ത്ഥാടകര്‍ക്കായി രാത്രിയിലടക്കം വിവിധ പ്രദേശങ്ങളിലേക്ക് ബസ് സര്‍വീസ് ഉണ്ടാകും. പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പരുമലപള്ളി സെമിനാരി ഹാളില്‍ വിലയിരുത്തി.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും തിരുവല്ല, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാരോട് മന്ത്രി ആവശ്യപ്പെട്ടു. 10 സെക്ടറായി തിരിച്ച് സുരക്ഷയ്ക്കായി വിശദമായ പദ്ധതി പൊലിസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പൊലിസ് സേവനം ഉണ്ടാകും. 25 കേന്ദ്രങ്ങളില്‍ പൊലിസ് ട്രാഫിക് നിയന്ത്രിക്കും. വാഹനങ്ങള്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.
അനധികൃത കച്ചവടം ഒഴിപ്പിക്കും. യാചക നിരോധന മേഖലയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും. ഹോട്ടലില്‍ ഭക്ഷണ വിളമ്പുന്നവര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് മന്ത്രി പറഞ്ഞു. പദയാത്രയ്ക്കിടെ 24 മണിക്കൂറും ആംബുലന്‍സ് സര്‍വീസുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുന്നത് പരിശോധിക്കും.
ഹരിത ചട്ടം കൃത്യമായി പാലിക്കും. ശുദ്ധജലം പരമാവധി സ്റ്റീല്‍ ഗ്ലാസുകളില്‍ നല്‍കും. ഹരിതകര്‍മ സേനയുടെ സേവനം ഉപയോഗിക്കും. വഴിയോരങ്ങളില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ‘ടെയ്ക്ക് എ ബ്രേക്ക്’ സംവിധാനം കാര്യക്ഷമമാക്കാന്‍ കടപ്ര, മാന്നാര്‍, പാണ്ടനാട് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്കി. ഫയര്‍ ഫോഴ്സിന്റെ കീഴില്‍ സ്കൂബ ടീമുണ്ടാകും. ആയുര്‍വേദ, ഹോമിയോ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡ് ടീമുകള്‍ സജീവമായി രംഗത്തിറങ്ങും. മൊബൈല്‍ ലാബിന്റെ സേവനമുണ്ടാകും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ള വിതരണം ചെയ്യും. താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിക്കാന്‍ സൗകര്യമുണ്ട്. എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. സ്പെഷ്യല്‍ സ്ക്വാഡും പ്രവര്‍ത്തിക്കും. സിപിആര്‍ പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പിന് മന്ത്രി നിര്‍ദേശം നല്കി.
മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, കടപ്ര, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകന്, അമ്മാളുക്കുട്ടി സണ്ണി, ഡെപ്യൂട്ടി കലക്ടര്‍ ആര് രാജലക്ഷ്മി, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.
പുതുതായി ആരംഭിച്ച എല്ലാ നഴ്സിംഗ് കോളേജുകള്‍ക്കും അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം
പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിംഗ് കോളജുകള്‍ക്കും അനുമതി ലഭ്യമായി. ഈ സര്‍ക്കാരിന്റെ കാലത്ത് 22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിംഗ് കോളജുകളാണ് ആരംഭിച്ചത്. നാല് മെഡിക്കല്‍ കോളജുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജും നഴ്സിംഗ് കോളജും ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രി കാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ നഴ്സിംഗ് കോളജ് ആരംഭിച്ചത്. സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, താനൂര്‍, തളിപ്പറമ്പ്, ധര്‍മടം, ചവറ എന്നിവിടങ്ങളിലും കേപ്പിന്റെ കീഴില്‍ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും സിപിഎഎസിന്റെ കീഴില്‍ കാഞ്ഞിരപ്പള്ളി, സീതത്തോട്, കൊട്ടാരക്കര എന്നിവിടങ്ങളിലുമാണ് നഴ്സിംഗ് കോളജുകള്‍ ആരംഭിച്ചത്. സ്വകാര്യ മേഖലയില്‍ 20 നഴ്സിംഗ് കോളജുകളും ആരംഭിക്കാന്‍ അനുമതി നല്കി.
സര്‍ക്കാര്‍ മേഖലയില്‍ 478 ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍ 1130 ആക്കി വര്‍ധിപ്പിച്ചു. ആകെ 10,000 ലധികം ബി.എസ്.സി. നഴ്സിംഗ് സീറ്റുകളായി. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് സംസ്ഥാനത്ത് തന്നെ മെറിറ്റില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കി. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം കൈവരിക്കാനായി. എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം നഴ്സിംഗ് കോളജുകളിലും പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് കോഴ്സ് കോട്ടയം നഴ്സിംഗ് കോളജിലും ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചു.
ക്വട്ടേഷന്‍
ജില്ലാ രജിസ്ട്രാര്‍ ഓഫീസിലേയും 15 സബ് രജിസ്ട്രാര്‍ ഓഫീസുകളിലേയും 2026 മാര്‍ച്ച് 31 വരെ പ്രിന്റര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍
27 വൈകിട്ട് മൂന്ന്. വിലാസം : ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട, പിന്-689645. ഫോണ്‍: 0468 2223105.
ഇ ഗ്രാന്റ്സ്
വിവിധ വാര്‍ഷിക പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഇ ഗ്രാന്റ്സ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. 2024-25 അധ്യയന വര്‍ഷം വിജയിച്ച പരീക്ഷകള്‍ക്ക് മാത്രമാണ് 2025-26 ലെ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. ഇ ഗ്രാന്റ്സ് 3.0 പ്രൊഫൈല്‍ മുഖേനെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്യണം. ഫോണ്‍ : 0468 2322712.
അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വിഎച്ച്എസ്എസില്‍ യു പി വിഭാഗത്തില്‍ ഒരു യുപിഎസ്ടി യുടെ താല്കാലിക ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം ഒക്ടോബര്‍ 21 രാവിലെ 10.30ന് അഭുമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 350548.
ഡ്രൈവര്‍ കം അറ്റന്‍ഡര്‍
മോട്ടര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തുന്ന റോഡ് സുരക്ഷാ പദ്ധതി സേഫ് സോണ്‍ പ്രൊജക്ടിന്റെ ഇലവുങ്കല്‍ കണ്ട്രോള് റൂമില്‍ താല്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താല്പര്യമുളള ഡ്രൈവര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ് , ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പൊലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് സഹിതം നിശ്ചിത മാതൃകയില്‍ പത്തനംതിട്ട ആര്‍റ്റിഒയ്ക്ക് ഒക്ടോബര്‍ 27 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍.എം.വി ലൈസന്‍സ് എടുത്ത് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയം ഉളളവരെ പരിഗണിക്കും. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ആശാ പ്രവര്‍ത്തക അഭിമുഖം മാറ്റി
കോന്നി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ആശാപ്രവര്‍ത്തകയെ നിയമിക്കുന്നതിന് ഒക്ടോബര്‍ 25ന് കോന്നി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിയതായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കൗണ്‍സലര്‍ ഒഴിവ്
എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ സഹായത്തോടെ പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജില്ലയില്‍ നടപ്പാക്കുന്ന സുരക്ഷാ മൈഗ്രന്റ് പ്രൊജക്ടില്‍ കൗണ്‍സലറുടെ ഒരു ഒഴിവുണ്ട്. സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി / സോഷ്യോളജി ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം. അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി/ സോഷ്യോളജി ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഹിന്ദി സംസാരിക്കാനും അറിയണം. ടൂ വീലര്‍ ലൈസന്‍സ് ഉളളവരും ഫീല്‍ഡ് വര്‍ക്കില്‍ താല്പര്യമുളളവരും ജില്ലയില്‍ സ്ഥിരതാമസമുളളവര്ക്കും മുന്‍ഗണന. പ്രതിമാസ ശമ്പളം 16000 രൂപയും യാത്രാബത്ത 1200 രൂപയും ലഭിക്കും. ബയോഡേറ്റ [email protected] അയക്കണം. അവസാന തീയതി ഒക്ടോബര്‍ 25 വൈകിട്ട് അഞ്ച്. ഫോണ്‍ : 9447801551.
അഭിമുഖം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ് അഭിമുഖം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ ഇവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്ലസ്ടു+ഡി.സി.എ/ തത്തുല്യം (സര്‍ക്കാര്‍ അംഗീകൃതം) യോഗ്യത വേണം.
മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അഭിമുഖം ഒക്ടോബര്‍ 27, രജിസ്ട്രേഷന് രാവിലെ 9.30 – 10.30 വരെ.
സ്റ്റാഫ് നഴ്സിന് ബി എസ് സി നഴ്സിംഗ് /ജിഎന്‍എം, കേരളാ നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് യോഗ്യത വേണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അഭിമുഖം ഒക്ടോബര്‍ 29, രജിസ്ട്രേഷന് രാവിലെ 9.30 – 10.30.
ഫോണ്‍ : 04734223236
വനിതാ കമ്മീഷന് മെഗാ അദാലത്ത് 24 ന്
വനിതാ കമ്മീഷന് ഒക്ടോബര്‍ 24 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന് മത്തായി നഗര്‍ ഹാളില്‍ മെഗാ അദാലത്ത് നടത്തും.