
konnivartha.com: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ആദ്യസംഘം കായികതാരങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത് .വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മധുരം നല്‍കി കായികതാരങ്ങളെ വരവേറ്റു .
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മേളയ്ക്കായി എത്തിയിരിക്കുന്നത്.ഏറനാട് എക്സ്പ്രസ്സില്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ആദ്യബാച്ച് കായിക താരങ്ങൾക്ക് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്‍കി .
ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഗൾഫ് മേഖലയിൽ നിന്നും മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്.
യു എ ഇ യിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ആദ്യ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇതാദ്യമായാണ് ഇവിടെ നിന്നുള്ള പെൺകുട്ടികൾ മേളയിൽ പങ്കെടുക്കുന്നത്.
ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാണ് .ഇന്ന് ( 21ന്) രാവിലെ 10 മണിക്ക് പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേരുന്ന സ്വർണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും.
ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഒക്ടോബർ 21 മുതൽ 28 വരെയാണ് ഒളിമ്പിക്സ് മാതൃകയിലുള്ള രണ്ടാമത് കായികമേള സംഘടിപ്പിക്കുന്നത്.ഇന്ന് ( 21ന്) വൈകിട്ട് 4 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും.പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാന്റ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്.ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ശിക്ഷക് സദൻ ഓഫീസാക്കി പ്രവർത്തിച്ചുകൊണ്ട് പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കും.ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്.പുത്തരിക്കണ്ടം മൈതാനത്ത് രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റ് അഞ്ച് അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്. പത്ത് വർഷമായി കേരളത്തിൽ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്നുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി എഴുപത്തി നാലോളം സ്‌കൂളുകൾ പ്രത്യേകം സജ്ജീകരിച്ചു. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകൾ വിവിധ സ്‌കൂളുകളിൽ നിന്നും സജ്ജമാക്കിയിട്ടുണ്ട്.സാനിറ്റൈസേഷൻ, ഇ-ടോയ്‌ലറ്റ് സംവിധാനം എന്നിവ ഗ്രൗണ്ടുകളിലും താമസ സ്ഥലങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. മൈതാനങ്ങളിലും താമസ സ്ഥലത്തും പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരിച്ചിട്ടുണ്ട്. നിരോധിത ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്സൈസിന്റെ പ്രത്യേക ജാഗ്രതാ നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, ഫിസിയോ തെറാപ്പി, സ്പോർട്സ് മെഡിസിൻ എന്നിവയുടെ സൗകര്യവും ആംബുലൻസ് സർവ്വീസും പ്രത്യേക മെഡിക്കൽ ടീം സേവനവും ഏർപ്പാടാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള നടപടികൾ തുടരുകയാണ്.