
ശബരിമല മണ്ഡലകാല തീർത്ഥാടനം: റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് ചെങ്ങന്നൂരിൽ
konnivartha.com: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി തീർത്ഥാടകർക്ക് ആവശ്യമായ റെയിൽവേ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, റെയിൽവേ യൂസർ അസോസിയേഷൻ അംഗങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
ശബരിമല തീർത്ഥാടന സീസണിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള കുടിവെള്ളം, ശുചിത്വം, കാത്തിരിപ്പ് സൗകര്യങ്ങൾ, ലൈറ്റിംഗ്, മെഡിക്കൽ സഹായം, പോലീസ് സഹായ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും തീർത്ഥാടകർക്കായി പ്രത്യേക ട്രെയിനുകൾ, അധിക ടിക്കറ്റ് കൗണ്ടറുകൾ, ഗൈഡ് ഡെസ്കുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നതിനും യോഗത്തിൽ വിശദമായ ചർച്ചകൾ നടക്കും.
തീർത്ഥാടന കാലത്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും സുരക്ഷിതമായ യാത്രാ-സേവന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അവലോകന യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.