കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

Spread the love

പട്ടികജാതി – പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വായ്പ പദ്ധതി സാധാരണക്കാര്‍ക്ക് ആശ്വാസകരം  : മന്ത്രി വീണാ ജോര്‍ജ് :കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തില്‍ സിഡിഎസ് മുഖേന പട്ടികവിഭാഗം കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കുന്ന സ്വയം തൊഴില്‍ വായ്പയുടെ വിതരണോദ്ഘാടനം ആറാട്ടുപ്പുഴ തരംഗം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വയം തൊഴിലിനായി 50 ലക്ഷം രൂപ, വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ, പെണ്‍മക്കളുടെ വിവാഹത്തിനായി 3.5 ലക്ഷം രൂപ എന്നിങ്ങനെ നിരവധി വായ്പകളാണ് കോര്‍പ്പറേഷന്‍ നല്‍കുന്നത്.  സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ സിഡിഎസിലൂടെയാണ് വായ്പ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. സ്ത്രീ സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കായി ജനകീയ പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. തൊഴില്‍ നേടുന്നതിന് പുറമെ തൊഴില്‍ ദാതാക്കളാകാനുള്ള പ്രവര്‍ത്തനം ഉണ്ടാകണം. ജനക്ഷേമവും വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ബിഎം ബിസി നിലവാരത്തില്‍ റോഡ്, അത്യാധുനിക സൗകര്യത്തോടെ ആശുപത്രി, ആധുനിക നിലവാരത്തില്‍ സ്‌കൂള്‍ കെട്ടിടം തുടങ്ങി എല്ലാ മേഖലയിലും വികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ കെ ഷാജു അധ്യക്ഷനായി. മണ്ഡലത്തിലെ 308 പേര്‍ക്കായി വിതരണം ചെയ്യുന്ന 3.8 കോടി രൂപയുടെ വായ്പ ചെക്ക് മന്ത്രി കൈമാറി. ആറന്മുള പഞ്ചായത്തില്‍  251 പേര്‍ക്കും കോഴഞ്ചേരി പഞ്ചായത്തില്‍ 57 പേര്‍ക്കുമാണ് വായ്പ ലഭിക്കുന്നത്. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി പി സുബ്രമണ്യന്‍, ജില്ലാ മാനേജര്‍ വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ആര്‍ അജയകുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി വി സ്റ്റാലിന്‍, തോമസ് ജോര്‍ജ്, റിജു കാവുംപാട്ട്  എന്നിവര്‍ പങ്കെടുത്തു.

Related posts