രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം

Spread the love

 

konnivartha.com; ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്.

ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും.

കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സിസിയുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ 5 കാത്ത് ലാബുകൾക്കാണ് പുതുതായി അനുമതി നൽകിയത്.

സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 12 ആശുപത്രികളിൽ കാത്ത് ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാത്ത് ലാബുകൾ ഇല്ലാതിരുന്ന കാസർഗോഡും (2023) വയനാടും (2024) ആണ് ഏറ്റവും അവസാനം കാത്ത് ലാബുകൾ സ്ഥാപിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാത്ത് ലാബ് പ്രൊസീജിയറുകൾ നടക്കുന്നത് സർക്കാർ ആശുപത്രികളിലാണെന്നാണ് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ കണ്ടെത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കാത്ത് ലാബ് പ്രൊസീജിയറുകൾ നടക്കുന്നത്.

Related posts