കാട്ടാത്തി ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു

Spread the love

 

konnivartha.com; തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കോന്നി കാട്ടാത്തി ഉന്നതിയില്‍ സന്ദര്‍ശനം നടത്തി.

നാടിന്റെ വികസനം സാധ്യമാക്കുന്നതിനും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് 2002 ലെ വോട്ടര്‍ പട്ടിക നല്‍കിയതിനാല്‍ ഫോം പൂരിപ്പിക്കുന്നത് അനായസമാകും.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഏവരും പങ്കാളികളാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ 210-ാം നമ്പര്‍ ബൂത്ത് പരിധിയിലുള്ള കാട്ടാത്തി ഉന്നതിയിലുള്ളവര്‍ക്ക് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബിഎല്‍ഒ കെ മനോജ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ആകെ 55 വോട്ടര്‍മാരാണ് ഉന്നതിയിലുള്ളത്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീട്ടില്‍ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടര്‍മാര്‍ക്ക് ഫോം പൂരിപ്പിക്കുന്നതിന് ബിഎല്‍ഒ മാര്‍ സഹായിക്കും.

എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.

കോന്നി ഇആര്‍ഒ മുഹമ്മദ് നവാസ്, റാന്നി ടിഡിഒ എസ് എ നജീം, ടിഇഒ എന്‍ ഗോപകുമാര്‍, കോന്നി തഹസില്‍ദാര്‍ സിനിമോള്‍ മാത്യു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി ഫിലിപ്പ്, അനു വിജി, അരുവാപ്പുലം വില്ലേജ് ഓഫീസര്‍ ഡി പി ശ്രീലത, വാര്‍ഡ് അംഗം വി കെ രഘു, കാട്ടാത്തി ഊരുമൂപ്പന്‍ മോഹന്‍ദാസ്, വനസംരംക്ഷണ സമിതി പ്രസിഡന്റ് എ പി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.