പത്തനംതിട്ട ജില്ലയില്‍ രണ്ട് നാമനിര്‍ദേശ പത്രിക ലഭിച്ചു

Spread the love

 

konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ട് നാമനിര്‍ദേശ പത്രിക ലഭിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ഐക്കാട് വടക്കും കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് ചെങ്ങറയിലുമാണ് ഓരോ പത്രിക വീതം ലഭിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ഉം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24മാണ്.

സ്ഥാനാര്‍ഥിക്ക് നേരിട്ടോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് നാമനിര്‍ദേശപത്രിക (ഫോറം 2) സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. സ്ഥാനാര്‍ത്ഥി ബധിരമൂകനായിരിക്കരുത്. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് സെറ്റ് പത്രിക സമര്‍പ്പിക്കാം.

സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗാമപഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നവര്‍ 2000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ 4000 രൂപയും, ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ 5000 രൂപയുമാണ് നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതിയാകും.

Related posts