konnivartha.com; അയ്യനെ കാണാന് മലകയറി എത്തുന്ന തീര്ഥാടകര്ക്ക് വലിയ ആശ്വാസമാണ് സന്നിധാനത്ത് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന സര്ക്കാര് ആയുര്വേദ ആശുപത്രി. പനി, ചുമ, തുമ്മല് പോലുള്ള അസുഖങ്ങള്ക്കുള്ള മരുന്ന് മുതല് പഞ്ചകര്മ ചികിത്സ വരെ ഇവിടെയുണ്ട്.
മലകയറി എത്തുമ്പോഴുണ്ടാകുന്ന ദേഹത്തു വേദന, കാല്കഴപ്പ്, ഉളുക്ക് പോലുള്ളവയ്ക്ക് പഞ്ചകര്മ തെറാപ്പിയിലൂടെ വേഗം ആശ്വാസം ലഭിക്കുമെന്ന് ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല് ഓഫീസര് ഡോ. വി കെ വിനോദ് കുമാര് പറയുന്നു.
ഇതോടൊപ്പം ആവി പിടിക്കാനും മുറിവ് വെച്ചുകെട്ടുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ട്. വലിയ നടപ്പന്തലിന് തുടക്കത്തിലായി ആരോഗ്യവകുപ്പിന്റെ ആശുപത്രിക്ക് എതിര്വശത്തായാണ് ആയുര്വേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്.
രണ്ട് ഒ പി കൗണ്ടറുകളാണ് ഇവിടെ പ്രവര്ത്തിക്കുന്നത്. വകുപ്പില് നിന്നുള്ള അഞ്ചും നാഷണല് ആയുഷ് മിഷനില് നിന്നുള്ള രണ്ടും ഡോക്ടര്മാര് ഇവിടെ സേവനത്തിലുണ്ട്. ഇതോടൊപ്പം മൂന്ന് ഫാര്മസിസ്റ്റ്, നാല് തെറാപ്പിസ്റ്റ് എന്നിവരും മറ്റു ജീവനക്കാരുമുണ്ട്. രജിസ്ട്രേഷന് കൗണ്ടര്, ഒപി കൗണ്ടറുകള്, ഫാര്മസി, തെറാപ്പി റൂം, മരുന്ന് സൂക്ഷിക്കുന്നതിനും ആവി പിടിക്കുന്നതിനുമുള്ള മുറികള്, ജീവനക്കാര്ക്കായുള്ള മുറികള് തുടങ്ങിയവ ഇവിടെ ഉണ്ട്.
ഓരോ ദിവസവും ആയിരത്തില് അധികം പേരാണ് ഇവിടെ എത്തുന്നത്. തീര്ഥാടകരോടൊപ്പം സന്നിധാനത്ത് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരും ഏറ്റവും ആശ്രയിക്കുന്നത് ആയുര്വേദ ആശുപത്രിയെയാണ്.
