നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് (നവംബര്‍ 21) അവസാനിക്കും; സൂക്ഷ്മപരിശോധന നവംബര്‍ 22 ന്

Spread the love

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് (നവംബര്‍ 21) വൈകിട്ട് മൂന്നിന് അവസാനിക്കും. പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. സ്വന്തമായോ/ നിര്‍ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

 

സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയാകണം. സ്ഥാനാര്‍ഥി ബധിര – മൂകനാകരുത്. സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.

 

പട്ടികജാതി, പട്ടികവര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തില്‍ 2000, ബ്ലോക്ക്പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000, ജില്ലാപഞ്ചായത്തില്‍ 5000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതി. ഒരാള്‍ക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ വ്യത്യസ്ത തലങ്ങളില്‍ മത്സരിക്കാം.

സ്ഥാനാര്‍ഥിക്ക് ചിഹ്നം ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ശുപാര്‍ശക്കത്ത് നവംബര്‍ 24 വരെ നല്‍കാം

സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളുടെ ശുപാര്‍ശ കത്ത് നവംബര്‍ 24 മൂന്നിന് മുമ്പായി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 24 ന് വൈകിട്ട് മൂന്ന് കഴിഞ്ഞാണ് വരണാധികാരി സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിക്കുന്നത്. തുടര്‍ന്നാണ് മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെയും ചിഹ്നത്തിന്റെയും പട്ടിക വരണാധികാരി ഫോറം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്.

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചുള്ള ഫോറം 8 നുള്ള നോട്ടീസ് വരണാധികാരിക്ക് നല്‍കാം. നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നല്‍കാം. കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും ട്രഷറിയിലും തുക അടയ്ക്കാം.

Related posts