പേര് കോന്നി മെഡിക്കല്‍ കോളേജ് : വാഹനാപകടത്തില്‍ പരിക്കേറ്റാല്‍ ആശ്രയം കോട്ടയം മെഡിക്കല്‍ കോളേജ്

Spread the love

konnivartha.com; മലയോരഗ്രാമങ്ങളായ കോന്നി , ചിറ്റാർ, സീതത്തോട്, തേക്കുതോട്, തണ്ണിത്തോട്, മണ്ണീറ ,കൊക്കാതോട് ,കല്ലേലി കലഞ്ഞൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു വാഹനാപകടമോ മറ്റ് അത്യാഹിതമോ നടന്നാൽ കിലോമീറ്ററുകൾ താണ്ടി പത്തനംതിട്ടയിലോ കോട്ടയത്തോ ആശുപത്രിയിൽ പോകേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴും ഉള്ളത് .

കോന്നി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ മാത്രം എന്ന് ജനങ്ങള്‍ പരക്കെ പരാതി ഉന്നയിച്ചു . കോടികള്‍ മുടക്കി നിര്‍മ്മാണം നടത്തുകയും ഉദ്ഘാടനം ആഘോക്ഷിക്കുകയും ചെയ്തിട്ടും വാഹനാപകടത്തില്‍ ഉള്ള ആളുകളെ ചികിത്സിക്കാന്‍ ഉള്ള കാര്യമായ സജീകരണം ഇല്ലെങ്കില്‍ കോന്നി മെഡിക്കല്‍ കോളേജ് കൊണ്ട് പൊതു ജനത്തിന് എന്ത് പ്രയോജനം .

ശബരിമലയടക്കം വാഹനാപകടം ഉണ്ടായാല്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നില്ല . ശബരിമല തീര്‍ഥാടന കാലത്തെ പ്രധാന ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളേജിനെ വകുപ്പ് മന്ത്രിയടക്കം ഉള്ളവര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റുന്നവരെ എന്ത് കൊണ്ട് കോന്നി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വരുന്നില്ല എന്ന് പറയാന്‍ പോലും ഉള്ള ആര്‍ജവം അധികാരികള്‍ക്ക് ഇല്ല .

ആരോഗ്യ വകുപ്പിന്‍റെ “സിസ്റ്റം “കോന്നി മെഡിക്കല്‍ കോളേജില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വകുപ്പ് മന്ത്രി തന്നെ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തണം . കോന്നി മെഡിക്കല്‍ കോളേജിലെ ഓ പി വിഭാഗത്തില്‍ ആയിരത്തിനു അടുത്ത് രോഗികള്‍ നിത്യേന വരുന്നുണ്ട് . പ്രാഥമിക ചികിത്സ ലഭിക്കുന്നു എന്നത് ഒഴിച്ചാല്‍ മറ്റു കാര്യങ്ങളില്‍ ഉള്ള പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആക്ഷേപവും പരാതിയും ഇപ്പോഴും നിലനില്‍ക്കുന്നു .

വിദഗ്ദ്ധ ഡോക്ടർമാര്‍ യഥേഷ്ടം ഉണ്ട് . ഉച്ചവരെ ഉള്ള ഓ പിയാണ് ഇപ്പോഴും കോന്നി മെഡിക്കല്‍ കോളേജ് പിന്തുടരുന്നത് . ചിലര്‍ക്ക് കിടത്തി ചികിത്സ ഉണ്ട് . പക്ഷെ വാഹനാപകടം നടന്നു പരിക്ക് പറ്റുന്നവരെ കോന്നി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വരാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരടക്കം ശ്രമിക്കുന്നില്ല .കാരണം വെളിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും കഴിയുന്നില്ല . കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നു . പദ്ധതികള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ ചിലവഴിക്കുന്നു എങ്കിലും കോന്നി മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം .

അപകടം സംഭവിച്ച ആളുകളെ കൊണ്ട് ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ചീറി പായാന്‍ ആണെങ്കില്‍ എന്തിനു കോന്നി മെഡിക്കല്‍ കോളേജ് എന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരും സ്വയം ചോദിക്കുന്നു .നിലവില്‍ ഉള്ള “കാര്യമായ സിസ്റ്റം ” തകരാര്‍ പരിഹരിക്കാന്‍ അടിയന്തിരമായി നടപടികള്‍ ഉണ്ടാകണം .

 

Related posts