കാലാവസ്ഥാ മാറ്റത്താൽ കളകളുടെ വ്യാപനം : നിയന്ത്രണ നിർദ്ദേശങ്ങൾക്കായി വെള്ളായണി കാർഷിക കോളേജിൽ അന്തർദേശീയ സെമിനാർ
konnivartha.com; കാലാവസ്ഥാ വ്യതിയാനത്താൽ ഉണ്ടാകുന്ന കളകളുടെ വ്യാപനത്തെ നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി വെള്ളായണി കാർഷിക കോളേജിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 27 രാവിലെ 9.45ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യും.
ലോക ബാങ്ക് ധനസഹായം ചെയ്യുന്ന കേരള KERA പ്രോജക്ട്, NABARD, KSCSTE എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന അന്തർദേശീയ സെമിനാറിൽ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും.
ഭാരതത്തിൽ, കളകൾ മൂലമുള്ള വിളനഷ്ടം ശരാശരി 34% ആണ്. ഇത് കീടങ്ങളും രോഗങ്ങളും 26% വീതം എന്ന കണക്കിൽ വരുത്തുന്ന നഷ്ടത്തിലും വളരെ അധികമാണ്. അന്തരീക്ഷ താപനിലയുടെ വർദ്ധനവും മഴയുടെ അളവിലും ലഭ്യതാക്കാലത്തിലുമുള്ള ഏറ്റക്കുറച്ചിലുകളും കളകളുടെ വ്യാപനം വേഗത്തിലാക്കുകയും വിളവുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ സുസ്ഥിരകൃഷിക്കുള്ള അടിസ്ഥാനഘടകമായി പരിസ്ഥിതിസൗഹൃദ കളനിയന്ത്രണരീതികളുടെ പ്രാധാന്യം ഈ സെമിനാർ ഊന്നിപ്പറയും.
കാലാവസ്ഥാ-സ്മാർട്ട് കൃഷിക്കായുള്ള നൂതന സാങ്കേതിക വിദ്യകൾ, വിളകളിലും വിളസമ്പ്രദായങ്ങളിലുമുള്ള പ്രധാനകളകളുടെ വളർച്ചയിലും വ്യാപനത്തിലും കാലാവസ്ഥാമാറ്റത്താലുണ്ടാകുന്ന വ്യതിയാനങ്ങൾ, പ്രതികൂലകാലാവസ്ഥയിൽ കൃഷിക്കുള്ള അതിജീവനസാദ്ധ്യതകൾ, ഫലപ്രദമായ വിഭവവിനിയോഗത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: www.cwis2025.com.
