ശബരിമലയിലെ നാല് തരം പായസങ്ങൾ :പഞ്ചാമൃതം നിവേദിക്കുക പുലർച്ചെ അഭിഷേകത്തിന്

Spread the love

 

അരവണ അല്ലാതെ മറ്റ് മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പസ്വാമിയ്ക്ക് നിവേദിക്കാനായി. ഇടിച്ചുപിഴിഞ്ഞ പായസം, എള്ളുപായസം, വെള്ള നിവേദ്യം എന്നിവ.

രാവിലെ 7.30 നുള്ള ഉഷ: പൂജയ്ക്കാണ് ഇടിച്ചുപിഴിഞ്ഞ പായസം നിവേദിക്കുക. പേര് സൂചിപ്പിക്കുന്ന പോലെ തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുത്തു, ശർക്കര ഉൾപ്പെടെ ചേർത്താണ് ഈ പായസം ഉണ്ടാക്കുന്നത്.

അരവണ 12 മണിക്കുള്ള ഉച്ചപൂജയ്ക്കുള്ളതാണ്. വെള്ള നിവേദ്യം എല്ലാ പൂജാ വേളകളിലും ഭഗവാന് സമർപ്പിക്കും. എള്ളു പായസം രാത്രി 9.15 ലെ അത്താഴപൂജയ്ക്കുള്ളതാണ്. എള്ളു പായസം യഥാർത്ഥത്തിൽ പായസ രൂപത്തിൽ ഉള്ളതല്ലെന്നും എള്ളു തന്നെയാണെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു.

അത്താഴപൂജയ്ക്ക് പാനകം എന്ന പാനീയവും അപ്പവും അടയും അയ്യപ്പന് നിവേദിക്കുന്നു. ജീരകവും ശർക്കരയും ചുക്കും കുരുമുളകും ചേർത്ത ഔഷധ ഗുണമുള്ള കഷായ മിശ്രിതമാണ് പാനകം.

എട്ട് കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന പഞ്ചാമൃതം

പഞ്ചാമൃതം പുലർച്ചെ മൂന്നിന് നട തുറക്കുമ്പോൾ അഭിഷേകത്തിന് ഉപയോഗിക്കുന്നതാണ്. കൽക്കണ്ടം, ശർക്കര, കദളി പഴം, ഉണക്ക മുന്തിരി, നെയ്യ്, തേൻ, ഏലയ്ക്ക പൊടി, ചുക്കുപൊടി എന്നിങ്ങനെ എട്ട് കൂട്ടുകൾ ചേർത്താണ് പഞ്ചാമൃതം തയ്യാറാക്കുന്നത്. പായസങ്ങളിൽ അരവണയും, പിന്നെ പഞ്ചാമൃതവുമാണ് ശബരിമലയിൽ നിന്ന് വിൽപ്പന നടത്തുന്നത്. ഒരു അരവണ ടിന്നിന്റെ പകുതി വലിപ്പമുള്ള ബോട്ടിലിൽ ലഭിക്കുന്ന പഞ്ചാമൃതത്തിന് 125 രൂപയാണ് വില.

Related posts