ശബരിമലയിൽ അന്നദാനത്തിന് സദ്യ നൽകുന്നത് സംബന്ധിച്ച് ഡിസംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. നേരത്തെ ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകി തുടങ്ങാനായിരുന്നു തീരുമാനം.
നിലവിൽ ഉച്ചയ്ക്ക് പുലാവാണ് നൽകുന്നത്. ഇത് സീസൺ മുഴുവൻ നൽകാനാണ് കരാരുകാരന് കരാർ നൽകിയിരിക്കുന്നത്. പുലാവ് മാറ്റി സദ്യ നൽകിയാലുള്ള നിയമപ്രശ്നവും സദ്യ വിളമ്പാൻ വേണ്ടി വരുന്ന അധികം സൗകര്യങ്ങളെക്കുറിച്ചും പഠിച്ചു റിപ്പോർട്ട് നൽകാൻ ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം ബോർഡ് യോഗം ചേർന്നാണ് സദ്യ കാര്യത്തിൽ തീരുമാനമെടുക്കുക.
സദ്യ നൽകി തുടങ്ങുന്ന തീയ്യതി താൽക്കാലികമായി നീട്ടിവെച്ചത് മാത്രമാണെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാലുടൻ എത്രയും പെട്ടെന്ന് തീരുമാനമെടുക്കും.
പമ്പയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ തിരിച്ചെടുത്തു നദി മാലിന്യ മുക്തമാക്കാനായി എട്ട് കരാർ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്താനായി പോലീസ്, ഹോം ഗാർഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരമാണിത്.
