നാവികദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം തീരത്ത് ഇന്ത്യൻ നാവികസേനയുടെ ഉജ്വലമായ പ്രവർത്തനാഭ്യാസപ്രദർശനം. 2025 ഡിസംബർ മൂന്നിനു നടന്ന ശ്രദ്ധേയമായ പ്രകടനം, നാവികസേനയുടെ കരുത്തും പോരാട്ടവീര്യവും സാങ്കേതിക പുരോഗതിയും എടുത്തുകാട്ടി.
ആഘോഷപരിപാടികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി രാഷ്ട്രപതിയെ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പരിപാടിക്കു സാക്ഷ്യംവഹിച്ചു.
നാവികസേനയുടെ ഇരുപതിലധികം കപ്പലുകളും അന്തർവാഹിനികളും പ്രകടനത്തിൽ പങ്കെടുത്തു. തദ്ദേശീയ വിമാനവാഹിനിക്കപ്പൽ INS വിക്രാന്തും നാവികസേനയുടെ യുദ്ധവിമാനങ്ങളും ഇതിന്റെ ഭാഗമായി. സമുദ്രത്തിൽ വേഗത്തിലും ശക്തമായും പ്രതികരിക്കാനുള്ള നാവികസേനയുടെ കഴിവു പ്രകടമാക്കുന്നതായിരുന്നു പ്രദർശനം.
സീ കേഡറ്റ് കോർപ്സിന്റെ ഹോൺപൈപ്പ് നൃത്തം, സാംസ്കാരിക പരിപാടികൾ, നാവിക ഉദ്യോഗസ്ഥരുടെ അതിവേഗ കണ്ടിന്യൂറ്റി ഡ്രിൽ തുടങ്ങിയ പ്രകടനങ്ങളും പ്രേക്ഷകർക്കു വിരുന്നായി. നാവിക ബാൻഡിന്റെ ബീറ്റിങ് റിട്രീറ്റ് ചടങ്ങോടെയും നാവികസേനയുടെ കപ്പലുകളിൽ ദീപാലങ്കാരം നടത്തുന്ന പരമ്പരാഗത സൂര്യാസ്തമയ ചടങ്ങോടെയുമാണു പരിപാടി സമാപിച്ചത്.
1971-ലെ യുദ്ധത്തിൽ നാവികസേനയുടെ വിജയകരമായ ഓപ്പറേഷൻ ട്രൈഡന്റിനെ അനുസ്മരിക്കുന്നതാണു നാവിക ദിനം. തുടർന്നിങ്ങോട്ട്, സേന കൂടുതൽ കരുത്തുറ്റതും സ്വയംപര്യാപ്തവുമായി മാറി. സ്വയംപര്യാപ്തമാകുക എന്ന കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ നാവികസേന പൂർണമായും ആധുനികവും തദ്ദേശീയവുമായ നാവികസേനയായി മാറുകയാണ്.
‘മഹാസാഗർ’ (മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമുള്ള പരസ്പരവും സമഗ്രവുമായ മുന്നേറ്റം) കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ സമുദ്രമേഖലയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വെളിവാക്കുന്നതായിരുന്നു ഇക്കൊല്ലത്തെ പ്രവർത്തനാഭ്യാസപ്രകടനം. ദേശീയ സുരക്ഷയ്ക്കും പ്രാദേശിക സഹകരണത്തിനും ആശ്രയിക്കാവുന്ന സേനയെന്ന സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഇന്ത്യൻ നാവികസേന.
