വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി.
മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസര്‍ ഒ. ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു.
സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് സന്നിധാനത്ത് കമ്പവിളക്ക് തെളിഞ്ഞു. വിവിധ വകുപ്പുകളുടെ ഓഫീസിന് മുന്നിലും കാർത്തിക ദീപങ്ങൾ തെളിഞ്ഞു.
