Trending Now

മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുത്: ജില്ലാ കളക്ടര്‍

Spread the love

konnivartha.com : മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മലയാള ദിനാചാരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതലമത്സരങ്ങളിലെ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

 

കഴിവും സമയവും നല്ല രീതിയില്‍ വിനിയോഗിക്കണം. നിങ്ങളുടെ വിജയത്തില്‍ ധാരാളം പേര്‍ക്ക് പങ്കുണ്ടെന്നും എത്ര ദൂരം പോയാലും എത്ര ഉയരത്തില്‍ പറന്നാലും ഓരോ പടിയും കയറുമ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാകണമെന്നും കളക്ടര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു.

വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും കളക്ടര്‍ മറുപടി നല്‍കി. ശബരിമല ഉള്‍പ്പെടുന്ന ജില്ലയായ പത്തനംതിട്ടയില്‍ അയ്യപ്പഭക്തര്‍ക്കായി എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് തിരുവല്ല ഡിബിഎച്ച്എസ്എസിലെ ആറാം ക്ലാസുകാരി അമൃതശ്രീ വി പിള്ള ചോദിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും ജില്ലാഭരണകേന്ദ്രം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവരില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നും ജില്ലാകളക്ടര്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലയാള കവിതാലാപനം, മലയാള ഭാഷ സംബന്ധിച്ച പ്രസംഗം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.  മലയാള കവിതാലാപനത്തില്‍ യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം തിരുവല്ല ഡിബിഎച്ച്എസ്എസിലെ അമൃതശ്രീ വി പിള്ളയും രണ്ടാം സ്ഥാനം പ്രമാടം നേതാജി എച്ച്എസ്എസിലെ അഫ്റിന്‍ അഷീറും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസിലെ എസ്. നവനീതും, രണ്ടാം സ്ഥാനം കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസിലെ എം.എസ്. അമൃതയും  നേടി.

മലയാള ഭാഷ സംബന്ധിച്ച പ്രസംഗത്തില്‍ യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം വള്ളംകുളം നാഷണല്‍ എച്ച്എസിലെ ഉണ്ണിക്കൃഷ്ണനും രണ്ടാംസ്ഥാനം തിരുവല്ല ഡിബിഎച്ച്എസ്എസിലെ അമൃതശ്രീ വി. പിള്ളയും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം പത്തനംതിട്ട കാത്തലിക് എച്ച്എസിലെ ആന്‍ സൂസന്‍ ബിനോയ്‌യും രണ്ടാം സ്ഥാനം അയിരൂര്‍ ജിഎച്ച്എസ്എസിലെ വി. പുണ്യയും നേടി.

error: Content is protected !!