Trending Now

സ്കൂട്ടർ മോഷ്ടാവിനെ കോന്നി പോലീസ്  ഉടനടി കുടുക്കി 

Spread the love

 

KONNI VARTHA.COM : കോന്നി അട്ടച്ചാക്കൽ ഗ്യാസ് ഏജൻസിക്ക് സമീപം സൂക്ഷിച്ചിരുന്ന സ്കൂട്ടർ
മോഷ്ടിക്കപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ കള്ളൻ പോലീസിന്റെ വലയിൽ കുടുങ്ങി. ഈ മാസം പത്തിന് ഉച്ചക്ക് 12 നാണ് മോഷണം നടന്നത്.

മലയാലപ്പുഴ ചെങ്ങറ തെക്കേചരുവിൽ വീട്ടിൽ രാജു ഫിലിപ്പി (70) ന്റെ 60000 രൂപ വിലവരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്. കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ച കോന്നി പോലീസിന് പിറ്റേന്ന് വൈകിട്ട് നാല് മണിക്ക് മോഷ്ടാവിനെ പിടികൂടാൻ സാധിച്ചു.

 

കുളനട ഉളനാട് പോളച്ചിറ ചിറക്കരോട്ട് വീട്ടിൽ മോഹനൻ (36) ആണ് അറസ്റ്റിലായത്.പന്തളം, ഇലവുംതിട്ട, അടൂർ പോലീസ് സ്റ്റേഷനുകളിൽ 5 കേസുകളിൽ പ്രതിയാണ്
മോഹനൻ. പന്തളം പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന്  കേസുകളുണ്ട്, മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം, ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെടുത്തതാണ് കേസുകൾ.

 

പത്തനംതിട്ട പോലീസ് സംശയകരമായ   സാഹചര്യത്തിൽ പിടികൂടിയ ഇയാളെ സ്റ്റേഷനിൽ
സൂക്ഷിച്ച് ചോദ്യം ചെയ്തപ്പോഴാണ് കോന്നി  അട്ടച്ചാക്കലിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച സംഭവം
പോലീസിനോട് വിവരിച്ചത്. പത്തനംതിട്ട പോലീസ് വിവരമറിയിച്ചതിനെതുടർന്ന് കോന്നി പോലീസ് എത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി വിശദമായി  ചോദ്യം ചെയ്തപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പത്തനംതിട്ട ഗുഡ്സമരിറ്റൻ ആശുപത്രി പരിസരത്തുനിന്നും സ്കൂട്ടർ കണ്ടെത്തി ബന്തവസ്സിലെടുക്കുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോന്നി പോലീസ് ഇൻസ്‌പെക്ടർ ജി അരുണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ് ഐ മാരായ സജു എബ്രഹാം, എ ആർ രവീന്ദ്രൻ എ എസ് ഐ അജികുമാർ, സി പി ഓ പ്രസൂൺ
എന്നിവരുമുണ്ടായിരുന്നു.

error: Content is protected !!