പിഎംജിഎസ്‌വൈ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

Spread the love

പ്രധാനമന്ത്രി ഗ്രാം സഡക് യോജന(പിഎംജിഎസ്‌വൈ) പ്രകാരം ജില്ലയില്‍ നടത്തി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗം ആന്റോ ആന്റണി എംപിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിശകലനം ചെയ്യണമെന്ന് ആന്റോ ആന്റണി നിര്‍ദേശിച്ചു.
പിഎംജിഎസ്‌വൈ ഒന്ന് പ്രകാരമുള്ള 78 പ്രവൃത്തികളില്‍ 75 എണ്ണം പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയാകാനുള്ള പറക്കോട് ബ്ലോക്കിലെ പാഴൂര്‍ ചക്കി മുക്ക് റോഡ് നിര്‍മാണം കാലവര്‍ഷത്തിന്  മുമ്പ് പൂര്‍ത്തീകരിക്കണമെന്നും എംപി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. മായ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. അനൂപ്, ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം ഉണ്ടാകണം: ജില്ലാ കളക്ടര്‍

ജില്ലയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ ഏകോപന സമിതി ജില്ലാതല യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയുടെ സമഗ്ര വികസനം സാധ്യമാകണമെങ്കില്‍ വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഒരു പദ്ധതി നടക്കാത്തത്, അല്ലെങ്കില്‍ അതിനു വരുന്ന കാലതാമസത്തിനു കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി അറിയിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും സുഗമമായ ആശയവിനിമയം ഇക്കാര്യങ്ങളില്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.
പൊതു മരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.എല്‍ സജി, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എസ്.സിന്ധു, ജൂനിയര്‍ സൂപ്രണ്ട് സാജു. സി. മാത്യു, പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെആര്‍എഫ്ബി എന്‍ജിനിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.