ജീവിത മാതൃകയും വഴി കാട്ടിയുമായതില്‍ വലിയൊരു ശതമാനം വയോധികര്‍: ജില്ലാ കളക്ടര്‍

Spread the love

 

konnivartha.com : നമ്മുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തി ജീവിത മാതൃകയും വഴികാട്ടിയുമായവരില്‍ വലിയ ശതമാനവും വയോധികരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാതല വയോജന ദിനാഘോഷം പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍കേഡ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

 

ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ അതിജീവനം എന്നതാണ്. വാര്‍ധക്യത്തേയും വയോജന ദിനത്തേയും ഉത്സവമാക്കി മാറ്റാം. വയോധികരുടെ പ്രാധാന്യം മനസിലാക്കാത്തത് സമൂഹത്തിന്റെ വൈകല്യമാണ്. വയോജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. വാര്‍ധക്യത്തെ ഒരിക്കലും ദുര്‍ബല വെളിച്ചത്തില്‍ കാണില്ലെന്ന് നാം ഉറപ്പുവരുത്തണം. ജീവതത്തില്‍ നാം എല്ലാവരും എത്തിപ്പെടുന്ന കാലഘട്ടമാണ് വാര്‍ധക്യം. ജീവിത സായാഹ്നത്തിലേക്കെത്തുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാവേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്വമാണെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എസ്. ഷംല ബീഗം, പ്രൊബേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍, ഗവ. വൃദ്ധമന്ദിരം സൂപ്രണ്ട് എസ് ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.