Trending Now

കോടതി സംരക്ഷണഉത്തരവ് നിലനിൽക്കേ ഭാര്യക്ക് മർദ്ദനം : ഭർത്താവ് അറസ്റ്റിൽ

Spread the love

 

konnivartha.com/ പത്തനംതിട്ട : ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ കോടതിയെ സമീപിച്ച സ്ത്രീയ്ക്ക്, ഭർത്താവിൽ നിന്നും സംരക്ഷണ ഉത്തരവ് കോടതി ഉത്തരവായിട്ടും മർദ്ദനം.

പരാതിയെ തുടർന്ന്, മർദ്ദനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്ത പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടിൽ സലീമിന്റെ മകൻ നൗഷാദ് (39) ആണ് തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ഷെറീന ബീവി (36) തണ്ണിത്തോട് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, ഇന്നലെ വൈകിട്ട് കോന്നിയിൽ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.

 

മൂർത്തിമൺ അംഗനവാടിയിൽ ഹെൽപ്പർ ആയി ജോലി നോക്കുന്ന ഷെറീന, 17 ഉം ഏഴും വയസ്സുള്ള മക്കളുമൊത്ത് താമസിക്കുകയാണ്. ഇവർ വീട്ടിൽ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന്
ആവശ്യപ്പെട്ട് ഏഴെട്ട് മാസമായി ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി കാണിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഇവർ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്മേൽ കോടതി ഷെറീനയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മൊഴിയിൽ പറയുന്നു.

ശാരീകമായും മാനസികമായും ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതായും, എന്നാൽ അത് അറിഞ്ഞുകൊണ്ടുതന്നെ പ്രതി ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് കാട്ടിയാണ് പോലീസിൽ പരാതി നൽകിയത്.

നാലുദിവസം മുമ്പ് ഡ്രൈവിങ് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞു പോയ നൗഷാദ് ചൊവ്വ വെളുപ്പിന് വീട്ടിൽ തിരിച്ചെത്തി, കതക് ചവുട്ടിത്തുറന്ന് അകത്തുകയറി ഷെറീനയെ കവിളുകളിലും നെറ്റിയിലും തലയ്ക്കും പലതവണ അടിക്കുകയായിരുന്നു.

ഹാളിൽ കിടന്ന ഊണുമേശ തല്ലിപ്പൊട്ടിച്ച് വെളിയിൽ എറിഞ്ഞു. മുറ്റത്തു നിന്ന ഇയാളുടെ അനുജൻ ഷഫീക് പിടിച്ചുമാറ്റുകയായിരുന്നു. നൗഷാദിനെ പേടിച്ച് അയൽവാസികൾ ആരും ബഹളവും വഴക്കും കേട്ടാലും തിരിഞ്ഞുനോക്കാറില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി. വൈകിട്ട് മൂന്നരയോടെ കോന്നിയിൽ നിന്നും പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാളെ 5 മണിക്ക്
അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. എസ് ഐ ഷെരീഫ് കുമാറിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.

error: Content is protected !!