
konnivartha.com/പത്തനംതിട്ട :114 സെന്റിമീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പിന്‍റെ ഇല സ്വന്തമായി ഉൽപ്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ് (The largest taro leaf ) കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പത്തനംതിട്ട ജില്ലയിലെ റാന്നി കടക്കേത്ത് വീട്ടിൽ റെജി ജോസഫിന് ലഭിച്ചു.
ഒറീസ്സക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അഞ്ചുവർഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് മറികടക്കാൻ സാധിച്ചത്.
കാർഷിക മേഖലയിൽ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് വേൾഡ് റെക്കോഡ്സ് (AGRH ആഗ്രഹ് )ന്‍റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സംസ്ഥാന സെക്രട്ടറി ഡോ. ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് റെജി ജോസഫിന് സമ്മാനിച്ചു.
സംസ്ഥാന കോഡിനേറ്റർ അശ്വിൻ വാഴുവേലിൽ, കൃഷി വിജ്ഞാന കേന്ദ്ര ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. പി സി റോബർട്ട്, ഡോ. റിൻസി എന്നിവർ എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു .
2013 ൽ ഉയരം കൂടിയ ചേമ്പിനും,2014 ൽ ഉയരം കൂടിയ വെണ്ടക്കക്കും ലിംക്ക ബുക്ക് ഓഫ് റെക്കോർഡ്സിലും ,5 കിലോതൂക്കം വരുന്ന കിഴങ്ങും, ഒരു മൂട്ടിൽ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പിൽ ഉൽപ്പാദിപ്പിച്ചതിന് യു ആർ എഫ് വേൾഡ് റെക്കോർഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു.
2021 ൽ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറിൽ നിന്നും ” പ്ലാന്റ് ജിംനോം സെവിയർ ഫാമാർ റെക്കൊഗ്നേഷൻ” അവാർഡും, 2022 ൽ പുസ കൃഷി വിഗ്വൻ മേളയിൽ വെച്ച് “ഇനോവേറ്റീവ് ഫാർമർ” അവാർഡും റെജി ജോസഫിന് ലഭിച്ചിട്ടുണ്ട് .
ചെറുപ്പകാലം മുതൽ കൃഷിയിലുള്ള താല്പര്യവും അതിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുമാണ് റെജി ജോസഫിനെ ഗിന്നസിലേക്ക് എത്തിച്ചത്.
റാന്നി കടക്കേത്ത് വീട്ടിൽ പരേതരായ കെ യു ജോസഫ്, ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ് റെജി ജോസഫ്. ഭാര്യ സുനി റെജി. മക്കൾ എൽഡാ റെജി, എമിൽഡാ റെജി.