പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 12/01/2023)

Spread the love

സ്മാം പദ്ധതി

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്മാം പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് നെല്‍പാടത്ത് മരുന്ന്തളി പ്രദര്‍ശന ഉദ്ഘാടനം വളളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു.

വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കൃഷി ഓഫീസര്‍ ഡി.ഷീല പദ്ധതി വിശദീകരണം നടത്തി. ഡ്രോണിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള വിശദീകരണം കൃഷി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. ജയപ്രകാശ് നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജി.സുഭാഷ്, എന്‍.ഗീതാകുമാരി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ബിസിനസ് ഇന്‍ഷ്യേഷന്‍ പരിപാടി

പുതിയ സംരംഭം തുടങ്ങുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ് ജനുവരി 17 മുതല്‍ 28 വരെ കളമശ്ശേരിയിലെ കീഡ് കാമ്പസില്‍ 10 ദിവസത്തെ ബിസിനസ് ഇന്‍ഷ്യേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 5900 രൂപ കോഴ്‌സ്ഫീ അടച്ചു കീഡിന്റെ വെബ്‌സൈറ്റായ www.kied.info മുഖേന ജനുവരി 13ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 0484 2 550 322, 2 532 890, 9605 542 061.

ചാര്‍ജ് കുടിശികയുളള കണക്ഷനുകള്‍  വിഛേദിക്കും: വാട്ടര്‍ അതോറിറ്റി

തീവ്ര കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വാട്ടര്‍ ചാര്‍ജ് കുടിശികയുളള എല്ലാ ഉപഭോക്താക്കളുടെയും കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുമെന്നും കുടിശികയുളള എല്ലാ ഉപഭോക്താക്കളും കുടിശിക അടച്ചു തീര്‍ത്ത് ഡിസ്‌കണക്ഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജലക്ഷാമം രൂക്ഷമായതിനാല്‍ വെളളത്തിന്റെ ദുരുപയോഗം പരമാവധി ഒഴിവാക്കണമെന്നും ആയത് ശ്രദ്ധയില്‍പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.


ഗതാഗത നിയന്ത്രണം
വെട്ടിപ്പുറം മൈലപ്ര റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 15,16 തീയതികളില്‍ ഭാഗികമായും 17,18,19,20 തീയതികളില്‍ പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
)

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

പന്തളം തെക്കേക്കര ഗവ. ആയൂര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണല്‍ ആയൂഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശായില്‍ നിന്നുള്ള യോഗ പിജി സര്‍ട്ടിഫിക്കറ്റോ, ബിഎന്‍വൈഎസ്/ബിഎഎംഎസ്/എംഎസ്‌സി (യോഗ)/എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി 2023 ജനുവരി 20ന് ഉച്ചയ്ക്ക് രണ്ട് വരെ. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, പന്തളം തെക്കേക്കര, തട്ടയില്‍ പി ഒ,691 525 ഫോണ്‍: 9495 550 204.