Trending Now

‘ലഹരിക്കെതിരേ ഒന്നിച്ച്’ സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം ആരംഭിച്ചു നാടിനെ ലഹരിമുക്തമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Spread the love

konnivartha.com : ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നാടിനെ ലഹരിമുക്തമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലഹരിക്കെതിരേ ഒന്നിച്ച്’ എന്ന സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനത്തിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

 

സംസ്ഥാനമാകെ ഏറ്റെടുത്തിരിക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടി രാജ്യത്തിനാകെ മാതൃകയാണ്. ലഹരി ഉപയോഗം സമൂഹത്തെ വളരെ ബാധിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് സാമൂഹ്യ ബോധവത്കരണത്തിലൂടെയും കര്‍ശന നിയമനടപടികളിലൂടെയും നാടിനെ ലഹരി വിമുക്തമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നിയമനടപടികള്‍ കര്‍ശനമായി തുടരുമ്പോള്‍ തന്നെ ലഹരി ഉപയോഗിക്കുന്നവരുടെ മനസ് മാറ്റിയെടുത്ത് ലഹരിവിരുദ്ധ ചിന്താഗതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം. ഇതിനായി വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ നടത്തുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

ജില്ലയില്‍ അഞ്ചു ദിവസം പര്യടനം നടത്തുന്ന വീഡിയോ പ്രദര്‍ശന വാഹനം ആദ്യ ദിവസം റാന്നിയിലും തുടര്‍ന്ന് കോന്നി(17), അടൂര്‍(18), ആറന്മുള(19), തിരുവല്ല(20) മണ്ഡലങ്ങളിലും സഞ്ചരിക്കും. ജില്ലയിലെ പ്രധാന ജംഗ്ഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വീഡിയോ പ്രദര്‍ശന വാഹനം എത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫീല്‍ഡ് പബ്ലിസിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പരിപാടി.
വിമുക്തി മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളിക്കല്‍, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജീവ് ബി.നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്‍ഡ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.ടി. രമ്യ, ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉഷാ കുമാരി, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഷീലാ മോള്‍ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!