
കന്നുകാലികളില്‍ പകര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന വൈറല്‍ രോഗമായ സാംക്രമിക ചര്‍മ്മ മുഴ രോഗത്തെ പ്രതിരോധിക്കാന്‍ ജില്ലയിലെ എല്ലാ കന്നുകാലികളെയും കുത്തിവെയ്പിന് വിധേയമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സാംക്രമിക ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെയ്പിന്റെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലയിലെ എല്ലാ കന്നുകാലികള്‍ക്കും സൗജന്യ സാംക്രമിക ചര്‍മ്മ മുഴ രോഗ പ്രതിരോധ കുത്തി വെയ്പ് എടുക്കണം. ഏകദേശം അഞ്ച് ശതമാനം ഉരുക്കള്‍ ഈ രോഗം മൂലം മരണപ്പെടുന്നുണ്ടെന്നും കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗ നിയന്ത്രണം സാധ്യമാക്കുന്നതിന് ആരോഗ്യമുള്ള കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായിട്ടാണ് ഈ ബൃഹത് പദ്ധതി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. കടുത്ത പനി, പാലുല്പാദിപ്പിക്കുന്നതില് കുറവ്, മൂക്കൊലിപ്പ്, ശരീരമാസകലം ചര്‍മ്മ മുഴകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്സണ് വിളവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജ്യോതിഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി വര്‍ഗീസ്, പി.സുജാത, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡാനിയല്‍ ജോണ്‍, ഡോ. അനുപമ, പ്രിന്‍സ് വര്‍ഗീസ്, ഗീതാകുമാരി, ഡോ. രാജേഷ് ബാബു, ഡാനിയല്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.