കഞ്ചാവുമായി അതിഥിതൊഴിലാളി പിടിയിൽ

Spread the love

 

പത്തനംതിട്ട : താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അതിഥിതൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സിലിഗുഡിസ്വദേശി ഉസ്മാന്റെ മകൻ ദുലാൽ (34) ആണ് 360 ഗ്രാം കഞ്ചാവുമായി പന്തളം പോലീസിന്റെ പിടിയിലായത്.

ഇയാൾ ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞിടെ പന്തളത്ത് കഞ്ചാവുമായി പിടിയിലായ പ്രതിയിൽ നിന്നും കിട്ടിയ രഹസ്യവിവരത്തിന്റെ
അടിസ്ഥാനത്തിൽ നടത്തിയ സാഹസികനീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ
അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.

പന്തളം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ
വാടകയ്ക്ക് താമസിച്ചുവരികയാണ് ദുലാൽ. 11 വർഷമായി പന്തളത്തു വാടകയ്ക്ക് താമസിക്കുന്ന ഇയാൾ മേസ്തിരിപ്പണിയുടെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇവിടെ ശേഖരിച്ചുവച്ചശേഷം അതിഥി തൊഴിലാളികൾക്കും തദ്ദേശീയർക്കും വിറ്റുവരികയായിരുന്നെന്ന് പ്രതി സമ്മതിച്ചു.

ഒരാഴ്ചയായി പ്രത്യേകപോലീസ് സംഘം കഞ്ചാവ് കച്ചവടക്കാരെ കേന്ദ്രീകരിച്ച് പരിശോധന തുടർന്നു വരികയാണ്. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിൽ സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിവന്നത്. താമസിക്കുന്ന ഇടത്തിനു സമീപം
കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിൽ എസ് ഐ ഗ്രീഷ്മ ചന്ദ്രൻ, എസ് സി പി ഓമാരായ സഞ്ചയൻ, ശരത്, സി പി ഓമാരായ അൻവർഷാ, അമീഷ്, രഞ്ജിത്ത് എന്നിവരാണ് ഉള്ളത്.

error: Content is protected !!