എം ഡി എം എയുമായി പത്തനംതിട്ട മൈലപ്രയിലെ   യുവാവ് പിടിയിൽ

Spread the love

 

konnivartha.com/പത്തനംതിട്ട : ബംഗളുരുവിൽ നിന്നും സ്വകാര്യ ബസ്സിൽ ബ്രെഡ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 9.61 ഗ്രാം എം ഡി എം എ പോലീസ് പിടികൂടി, യുവാവ് അറസ്റ്റിൽ.

മൈലപ്ര സത്യഭവൻ വീട്ടിൽ മിഥുൻ രാജിവ് (24)ആണ് ഡാൻസാഫ് ടീമിന്റെയും പത്തനംതിട്ട
പോലീസിന്റെയും സംയുക്ത നീക്കത്തിൽ ഇന്ന് രാവിലെ മൈലപ്രയിൽ വച്ച് പിടിയിലായത്.

പ്രതിയുടെ കൂട്ടാളികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ബംഗളുരുവിൽ നിന്നും
ആഴ്ച്ചതോറും ഇയാളും സംഘവും എം ഡി എം എ കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് കൈമാറിയതിനെത്തുടർന്നാണ് പോലീസ് നടപടി.

ഡാൻസാഫ് നോഡൽ ഓഫീസർ കൂടിയായ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും, പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പത്തനംതിട്ട പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

ബ്രെഡിന്റെ കവറിനുള്ളിൽ, ബ്രെഡ് നടുവിൽ മുറിച്ചുമാറ്റിയശേഷം അതിൽ വച്ചാണ് എം ഡി എം എ പാക്കറ്റ് കടത്തിക്കൊണ്ടുവന്നത്. പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിവന്നതെന്ന് യുവാവ് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

അവധിക്കാലങ്ങളിൽ കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികൾക്കായിരുന്നു കൊടുത്തിരുന്നത്. ഇത്തരം സ്ഥലങ്ങൾ പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവി പോലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന്, മിഥുനും സംഘവും പോലീസിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു.

രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ശക്തമായ നടപടി തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പത്തനംതിട്ട ഡി വൈ എസ് പിക്കൊപ്പം പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, എസ് ഐമാരായ അനൂപ്, സവിരാജൻ, ഡി വൈ എസ് പി യുടെ സ്‌ക്വാഡിലെ അംഗം സി പി ഓ ഷഫീക്, ഡാൻസാഫ് ടീമിലെ എസ്
ഐ അജി സാമൂവൽ, എ എസ് ഐ അജി കുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!