കാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു

Spread the love

 

കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ 3 മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ത്യശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്കാണ് പരിക്കേറ്റത്. മലപ്പുറത്ത് യുവാവിനെ ആക്രമിച്ചത് കരടിയാണ്.

കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്ത് മൂന്നു ജീവനുകളാണ് എടുത്തത്. കോട്ടയം കണമലയിൽ ശബരിമല പാതയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേര്‍ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത് കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.വഴിയരികിലെ വീട്ടിനുമുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം ആയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിന് ഇരയായത് പ്രവാസിയാണ്. കാട്ടുപോത്തിന്‍റെ കുത്തേറ്റ് ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. പ്രവാസിയായ സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്.തൃശൂര്‍ ചേലക്കര പൈങ്കുളത്ത് സ്‌കൂട്ടറിന് നേരെ കാട്ടുപന്നി നടത്തിയ ആക്രമണത്തില്‍ സ്‌കൂട്ടറില്‍ നിന്നും വീണ് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറത്ത് കരടിയുടെ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാട്ടില്‍ തേന്‍ ശേഖരിക്കുന്നതിനിടെ നിലമ്പൂര്‍ വനമേഖലയില്‍ ആദിവാസി യുവാവിനെ കരടി ആക്രമിക്കുകയായിരുന്നു. തരിപ്പപ്പൊട്ടി കോളനി വെളുത്തയ്ക്ക് (40) ആണ് പരിക്കേറ്റത്. കാലില്‍ സാരമായി പരിക്കേറ്റ വെളുത്തയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.