Trending Now

നിപ പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു

Spread the love

നിപ പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു

റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നു

പരിശോധനയ്ക്കായി ഐ.സി.എം.ആറിന്റെ മൊബൈൽ ലാബും

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയോഗിക്കുകയും പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് സംസ്ഥാനതല ഏകോപനത്തിനായി സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചത്. 0471 2302160 നമ്പരിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ വിളിക്കാം. സംശയ നിവാരണത്തിന് ദിശ ടോൾഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലെ ഉന്നതതല യോഗം ചേർന്നു. ജില്ലകൾക്ക് നിപ രോഗവുമായി ബന്ധപ്പെട്ട മാർഗരേഖകൾ നൽകുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, ഡ്രഗ്സ് കൺട്രോളർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബ്, ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്യോഗസ്ഥർ അടങ്ങിയ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നു.

നിപ വൈറസ് സംശയിക്കുന്ന ആളുകളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലൻസ്, ഐസൊലേഷൻ വാർഡ്, ഇൻഫ്ളുവൻസ ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ ഉറപ്പുവരുത്തുന്നതിനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കനിവ് 108 ആംബുലൻസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും സർവെയലൻസ് ആന്റ് ടെസ്റ്റിംഗ്, ലോജിസ്റ്റിക്സ്, പരിശീലനം, ബോധവൽക്കരണം, മാനസിക പിന്തുണ എന്നിവയ്ക്കായി പ്രത്യേക ടീമുകൾ രൂപീകരിക്കും.

രോഗം സംശയിക്കുന്നവരുടെ സാമ്പിൾ പ്രാഥമിക പരിശോധനയ്ക്കായി കോഴിക്കോട് വൈറൽ റിസർച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലാബിനോടൊപ്പം നാളെ ഉച്ചയോടെ ഐ.സി.എം.ആറിന്റെ മൊബൈൽ ലാബും പ്രവർത്തിക്കും.

നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സർവെയലൻസ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സിങ് അസിസ്റ്റന്റ്മാർ എന്നിവർക്കായുള്ള പരിശീലനം കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയറിന്റെ നേതൃത്വത്തിൽ നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണ സാമഗ്രികൾ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെബ്സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

നിപ: സമ്പർക്കപട്ടികയിൽ 706 പേർ, ഹൈ റിസ്‌ക്- 77, ആരോഗ്യപ്രവർത്തകർ- 153
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി

ഒമ്പത് വയസുകാരന് മോണോ ക്ലോണൽ ആന്റി ബോഡി ഇന്നെത്തും

ആരോഗ്യ വകുപ്പ് പൂർണ സജ്ജം

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ബുധനാഴ്ച യോഗം ചേർന്ന് പ്രതിരോധ നടപടികൾ സമഗ്രമായി അവലോകനം ചെയ്തു. കോഴിക്കോട് നിന്ന് അയച്ച 5 സാമ്പിളുകളിൽ മൂന്നെണ്ണമാണ് നിപ പോസിറ്റീവായി തെളിഞ്ഞതെന്ന് യോഗശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതുവരെ സമ്പർക്ക പട്ടികയിൽ 706 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ 77 പേരാണ്. സമ്പർക്ക പട്ടികയിൽ 153 പേർ ആരോഗ്യപ്രവർത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉള്ളവർ അവരുടെ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്. ഓഗസ്റ്റ് 30 ന് മരിച്ച ഇൻഡക്‌സ് കേസ് എന്ന് കരുതുന്ന വ്യക്തിയുടെ 9 വയസുകാരനായ കുഞ്ഞ് ആശുപത്രി വെന്റിലേഷനിൽ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്ക് മോണോ ക്ലോണോ ആന്റിബോഡി നൽകാനായി ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മരുന്ന് വിമാനമാർഗം ബുധനാഴ്ച രാത്രി എത്തും.

കോഴിക്കോട് 19 കമ്മിറ്റികൾ രൂപീകരിച്ച് പ്രതിരോധ നടപടികൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. പോസിറ്റീവ് ആയവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ ഉള്ള 13 പേരിൽ 30ന് മരിച്ച ആളുടെ ബന്ധുവും ഉൾപ്പെടും. ഇവരുടെ ആരോഗ്യം സാധാരണ നിലയിലാണ്.

നിപ കണ്ടെയ്ൻമെന്റ് സോണിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വാർഡ് തിരിച്ച് പ്രവർത്തിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ വളണ്ടിയർമാരുടെ ടീം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വളണ്ടിയർമാർക്ക് തിരിച്ചറിയാൻ ബാഡ്ജ് ഉണ്ടാവും. ഐസോലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളണ്ടിയർമാരെ ബന്ധപ്പെടാം. ഇവരുടെ മൊബൈൽ നമ്പരുകൾ പ്രസിദ്ധപ്പെടുത്തും.

സമ്പർക്ക പട്ടിക വിപുലമാകുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ ഉൾക്കൊള്ളാനായി കൂടുതൽ ആശുപത്രികൾ, റൂമുകൾ എന്നിവ സജ്ജമാക്കുന്നുണ്ട്. നിലവിൽ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരിൽ ലക്ഷണങ്ങൾ ഉള്ളവർ മാത്രം ആശുപത്രിയിൽ പോയാൽ മതി.

കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ടങ്ങൾ സെപ്റ്റംബർ 24 വരെ ഒഴിവാക്കണമോ എന്ന കാര്യത്തിൽ ജില്ലാ കലക്ടർക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞു. 30 ന് മരണപെട്ട ആൾ ആണ് ഇൻഡക്‌സ് കേസ് എന്നാണ് അനുമാനം. അദ്ദേഹം കാവിലുംപാറ പഞ്ചായത്തിൽ അദ്ദേഹത്തിന്റെ കൃഷി ഭൂമി സന്ദർശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീട് 2018 ൽ നിപ പൊട്ടിപുറപ്പെട്ടു എന്ന് കരുതുന്ന ജാനകിക്കാടിന്റെ അഞ്ച് കിലോമീറ്റർ പരിധിയിലാണ്. ഇങ്ങനെയാവാം ഇൻഡക്‌സ് കേസിന് വൈറസ് പകർന്നത് എന്നാണ് നിലവിലെ അനുമാനം.

സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സംസ്ഥാനത്തെ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചതായും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പക്ഷേ കരുതൽ വേണം. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്‌ക് ഉപയോഗിക്കണം. ആശുപത്രികളിൽ ഇൻഫെക്ഷൻ ഡിസീസ് പ്രോട്ടോകോൾ പാലിക്കണം.

കേന്ദ്രസംഘം നിപ റിപ്പോർട്ട് ചെയ്ത സ്ഥലം സന്ദർശിക്കും. സംഘത്തിലെ ചിലർ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ സാമ്പിളുകൾ നിലവിൽ തിരുവനന്തപുരം തോന്നയ്ക്കലിലെ ലാബിലും കോഴിക്കോട് മെഡിക്കൽ കോളജിലും പരിശോധിക്കുന്നുണ്ട്. ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർ പൂന ലാബിലേക്ക് അയക്കും.

നിപ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആശങ്ക പരത്തരുതെന്നു മന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരത്ത് വിദ്യാർഥി ബൈക്കിൽ സഞ്ചരിക്കവെ വവ്വാൽ മുഖത്തടിച്ചു പരിക്കേറ്റ സംഭവത്തിന് നിപയുമായി ബന്ധമില്ല. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും അലർട്ട് ആണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

നിപ പ്രതിരോധം: മാനസിക പിന്തുണയുമായി ടെലി മനസ്

കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പർ 0495 2961385 രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കും. സംസ്ഥാന തലത്തിലുള്ള ടെലി മനസ് ‘14416’ ടോൾ ഫ്രീ നമ്പർ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ഉണ്ടായേക്കാവുന്ന ടെൻഷൻ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. നീരിക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് അതിനുള്ള പരിഹാര മാർഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധർ നൽകുന്നു. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും. കൂടാതെ അവർക്ക് തിരിച്ച് ബന്ധപ്പെടാനായി ഹെൽപ് ലൈൻ നമ്പർ നൽകുന്നുണ്ട്. ഇതുവരെ 308 പേരെ വിളിക്കുകയും 214 പേർക്ക് മാനസിക പിന്തുണ നൽകുകയും, ടെലി മനസ് ഹെൽപ് ലൈൻ നമ്പർ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

error: Content is protected !!