
konnivartha.com: ദേശീയത പ്രോത്സാഹിപ്പിക്കുന്നതിൽ മേരീ മാട്ടി മേരാ ദേശ് പരിപാടി വലിയ പങ്ക് വഹിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി ശേഖരിച്ച മണ്ണ് നിറച്ച അമൃത കലശം രാജ്ഭവനിൽ നടന്ന ചടങ്ങിൽ നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ എം.അനിൽകുമാറിന് ഔദ്യോഗികമായി കൈമാറുകയായിരുന്നു അദ്ദേഹം.
സിന്ധുനദീതട സംസ്കാര കാലം മുതൽക്കെ ഏകത എന്ന ആശയം ഉൾക്കൊള്ളുന്ന ജനതയാണ് ഇന്ത്യയിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, നെഹ്റു യുവകേന്ദ്ര പ്രതിനിധികൾ, സിഐഎസ്എഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി ശേഖരിച്ച മണ്ണ് നിറച്ച അമൃത കലശങ്ങളുമായി കേരളത്തിൽ നിന്നുള്ള സംഘം നാളെ (2023 ഒക്ടോബർ 27) തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിനിൽ ന്യൂഡൽഹിയിലേക്ക് യാത്ര തിരിക്കും. കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി.മുരളീധരൻ ഉച്ചയ്ക്ക് 12:05ന് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ എല്ലാ ബ്ലോക്കുകളിൽ നിന്നുമായി 152 അമൃത കലശങ്ങളിൽ ശേഖരിച്ച അതാത് പ്രദേശത്തെ മണ്ണാണ് 229 വളണ്ടിയർമാരും സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡിലെ 148 വളണ്ടിയർമാരും ഡൽഹിയിൽ എത്തിക്കുന്നത്. 29-ന് ഡൽഹിയിൽ എത്തുന്ന കേരള സംഘം ഒക്ടോബർ 30, 31 തീയതികളിൽ കർത്തവ്യ പഥിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷം നവംബർ-1ന് നാട്ടിലേക്ക് തിരിക്കും.