ശബരിമല – ദുരന്തനിവാരണസുരക്ഷായാത്രയ്ക്ക് തുടക്കമായി

Spread the love

ശബരിമല – ദുരന്തനിവാരണസുരക്ഷായാത്രയ്ക്ക് തുടക്കമായി: തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കും : ജില്ലാ കളക്ടര്‍ എ. ഷിബു

ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാവിധഒരുക്കങ്ങളും പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പത്തനംതിട്ട മുതല്‍ പമ്പ വരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച ദുരന്തനിവാരണ സുരക്ഷായാത്ര കളക്ടറേറ്റ് അങ്കണത്തില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. പൂര്‍ത്തിയായ ഒരുക്കങ്ങള്‍ എന്തെല്ലാം, ഇനി ഒരുക്കേണ്ട ക്രമീകരണങ്ങള്‍ എന്തെല്ലാം ഇത്തരം കാര്യങ്ങള്‍ ഈ യാത്രയിലൂടെ വിലയിരുത്തും. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഒരു തീര്‍ഥാടനകാലം ഒരുക്കും. ദുരന്തനിവാരണ സുരക്ഷായാത്രയില്‍ എല്ലാ വകുപ്പുകളുടെ തലവന്മാരും അതത് പ്രദേശത്തെ തദ്ദേശസ്ഥാപനപ്രതിനിധികളും പങ്കെടുക്കുന്നുണ്ടെന്നും ക്രമീകരണങ്ങള്‍ വിലയിരുത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ഇടത്താവളം, അക്വാഡക്റ്റ് വടശ്ശേരിക്കര, മഹാവിഷ്ണു ക്ഷേത്രം വടശേരിക്കര, വടശേരിക്കര കടവ്, വടശേരിക്കര റോഡിലെ ഫുഡ് സ്റ്റാളുകള്‍, മാടമണ്‍ ഋഷികേശക്ഷേത്രം കടവ്, അത്തിക്കയം കടവ്, ളാഹ വലിയവളവ്, വിളക്കുവഞ്ചി ളാഹ വളവുകള്‍, പ്ലാപ്പള്ളി, ഇലവുങ്കല്‍ ഫോറസ്റ്റ് ഓഫീസ്, നിലയ്ക്കല്‍, അട്ടത്തോട്, ചാലക്കയം, പമ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സൂചനാബോര്‍ഡുകള്‍, ടോയ്ലെറ്റ് സംവിധാനങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ സന്ദര്‍ശന സംഘം വിലയിരുത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യുട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദ്നി പി സേനന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു