Trending Now

നോട്ടീസിലെ രാജഭക്തി: സാംസ്കാരിക പുരാവസ്തു ഡയറക്ടറെ മാറ്റി

Spread the love

 

konnivartha.com: രാജഭക്തി പ്രകടിപ്പിച്ച് നോട്ടീസിറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ  നടപടി. നോട്ടീസ് തയ്യാറാക്കിയ ബോര്‍ഡിന്റെ സാംസ്‌കാരിക- പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണറായാണ് നിയമനം.. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷത്തിന്റെ നോട്ടീസ് തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായതിലാണ് നടപടി.

ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ നോട്ടീസാണ് നേരത്തെ വിവാദമായത്. അടിമുടി രാജഭക്തി വെളിവാക്കുന്ന നോട്ടീസിൽ പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നുമായിരുന്നു. കൂടാതെ ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്‍റെ കരുണയാണെന്ന് തോന്നിപ്പിക്കുന്ന വരികളുമുണ്ടായിരുന്നു.

 

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ടീസ് പിന്‍വലിച്ചെങ്കിലും ആവശ്യമെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസി‍ഡന്‍റ് അറിയിച്ചിരുന്നു. പിന്നാലെയാണ് ഡയറക്ടറെ നീക്കിയത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര പരിപാടിയില്‍ നിന്ന് തിരുവിതാംകൂർ രാജകുടുംബാംഗങ്ങള്‍ വിവാദത്തെ തുടർന്ന് വിട്ടുനിന്നിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധികളായി ഗൗരി ലക്ഷ്മി ഭായിയെയും ഗൗരി പാര്‍വതി ഭായിയെയുമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്.

error: Content is protected !!