
ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ, രാഷ്ട്രപതിയെ ദയാഹർജിയുമായി സമീപിക്കാവുന്നതാണ്. ഇവിടെ വധശിക്ഷ ഇളവ് ചെയ്തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക
konnivartha.com: കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.
പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്,തെളിവുനശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ കോടതി ശരിവെച്ചിരുന്നു.
കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്മെന്റിന്റെ റിസൾട്ടാണിതെന്ന് എഡിജിപി എം ആർ അജിത് കുമാർ. സമൂഹം തന്നെ മുന്നിട്ടിറങ്ങി. കൂടെ പ്രവർത്തിച്ചവർക്ക് നന്ദി.വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്. നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ.
കേരളം സമൂഹം ഒന്നാകെ കൂടെ നിന്നു. കേരള പൊലീസിനെ സംബന്ധച്ച് അഭിമാന നേട്ടമാണ്. ഇദ്ദേഹം ഇതിന് മുമ്പും ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്തുവരികെയാണ്. ഇത്തരത്തിലുള്ള പ്രതിക്ക് പരമാവധി ശിക്ഷ നൽകിയതിൽ കോടതിയോട് നന്ദി അറിയിക്കുന്നുവെന്നും എഡിജിപി വ്യക്തമാക്കി.
1991 -ൽ സീരിയൽ കില്ലർ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനത്തേത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് 14 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയായിരുന്നു റിപ്പര്‍ ചന്ദ്രൻ. കേരളത്തിൽ ഒരു കുറ്റവാളിയെ തൂക്കിലേറ്റിയിട്ട് 32 വർഷം കഴിഞ്ഞു .
അത്യപൂർവ കുറ്റങ്ങളിൽ അല്ലാതെ വധശിക്ഷ പാടില്ലെന്ന് ഇന്ത്യയിലെ പരമോന്നത കോടതി പലതവണ കീഴ്‌ക്കോടതികളെ ഓർമിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ട് ജയിലുകള്‍ തൂക്കികൊല നടപ്പാക്കാനുള്ള സൗകര്യമുണ്ട്. ഒന്ന് വടക്ക് കണ്ണൂരിൽ രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഈ രണ്ടു ജയിലുകളിലുമായി ആകെ തൂക്കിലേറ്റപ്പെട്ടത് 26 കുറ്റവാളികളാണ്.
45 വർഷം മുമ്പ്, നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന അഴകേശൻ എന്ന ദുർമന്ത്രവാദിയെ തൂക്കിലിട്ടതാണ് പൂജപ്പുരയിൽ നടപ്പിലായ അവസാന വധശിക്ഷ. റിപ്പർ ചന്ദ്രന് ശേഷവും, കേരളത്തിലെ കോടതികൾ പല കേസുകളിലും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ, ആ ശിക്ഷകൾ ഒന്നും നടപ്പായില്ല.
പലരുടെയും വധശിക്ഷ അപ്പീൽ കോടതികൾ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. ഇപ്പോൾ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 16 പേർ ആണ്. 9 പേർ പൂജപ്പുര സെൻട്രൽ ജയിലിലും മറ്റ് ഏഴു പേർ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലുമാണ്. എറണാകുളത്തു നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുൽ ഇസ്‌ലാമും ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവും ഇക്കൂട്ടത്തിലുണ്ട്.
രാഷ്ട്രപതിയും പ്രതിയുടെ ദയാഹർജി തള്ളിയാൽ തൂക്കിലേറ്റാനുള്ള പ്രക്രിയക്ക് തുടക്കമാകും.
ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി. പ്രതിയെ ‘കണ്ടെംഡ് സെൽ’ എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണവും നൽകി സന്ദർശകരെയും അനുവദിക്കും. അന്ത്യാഭിലാഷങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അനുവദിക്കും. വിൽപത്രം എഴുതാനും അവസാനമായി പ്രാർത്ഥിക്കാനും സൗകര്യം നൽകും. പുലർച്ചെയാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നത് വ്യക്തിയുടെ ഭാരമുള്ള ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. പുലർച്ചെ പ്രതിയെ നടത്തി കഴുമരത്തിന്റെ പോഡിയത്തിൽ കൊണ്ട് നിർത്തും. കറുത്ത മുഖാവരണം ധരിപ്പിക്കും. കൈകളും കാലുകളും ബന്ധിക്കും. ആരാച്ചാർ കഴുമരത്തിന്റെ ലിവർ വലിക്കുന്നതോടെ പോഡിയത്തിന്റെ തട്ട് പ്രതിയുടെ കാലടിയിൽ നിന്ന് തെന്നിമാറും. ഏതാനും സെക്കന്റുകൾക്ക് ഉള്ളിൽ മരണം സംഭവിക്കും.