മാലിന്യമുക്തം നവകേരളം: ഓണാശംസാകാര്‍ഡ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

Spread the love

 

മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശുചിത്വമിഷന്‍ നടത്തിയ ഓണാശംസാകാര്‍ഡ് മത്സരവിജയികള്‍ക്കുള്ള സംസ്ഥാന-ജില്ലാതല സമ്മാനങ്ങള്‍ വിതരണം ചെയ്തു. നവകേരളം കര്‍മപദ്ധതിയുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. റ്റി എന്‍ സീമ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ശുചിത്വ-മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ശരിയായ അവബോധവും ഉത്തരവാദിത്വവും ഉണ്ടാക്കുക, മാതാപിതാക്കളെ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗരൂകരാക്കുക എന്നീ ഉദ്ദേശത്തോടെ ‘ഈ ഓണംവരും തലമുറയ്ക്ക്’എന്നവിഷയത്തില്‍ സംഘടിപ്പിച്ച ഓണാശംസാകാര്‍ഡ് തയ്യാറാക്കല്‍ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ യു.പി വിഭാഗത്തില്‍ നിന്ന് തിരുമൂലപുരം ബാലികമഠം എച്ച്എസ്എസ് ലെ അഥീന എം വര്‍ഗ്ഗീസ്, പുതുശ്ശേരിമല ഗവ. യു.പി സ്‌കൂളിലെ ഷ്രേയ എസ് എന്നിവര്‍ രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവല്ല പെരിങ്ങര പിഎംവിഎച്ച്എസിലെ കൃഷ്ണപ്രിയ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക്യഥാക്രമം 7000 രൂപയും 5000 രൂപയും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.

ജില്ലാതലത്തില്‍ യു.പി വിഭാഗത്തില്‍ കോന്നി കല്ലേലി ജി ജെ എം യുപിഎസിലെ ഷ്രീയ ഷിജു, തിരുമൂലപുരം ബാലികമഠം എച്ച്എസ്എസ്ലെ അഥീന എം വര്‍ഗ്ഗീസ്, മാടമണ്‍ ജി യുപിഎസിലെ അലന്‍ ബിജോയ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാരംവേലി എസ് എന്‍ഡിപി എച്ച്എസ്എസിലെ പി എസ് ദേവജിത്ത്, തിരുമൂലപുരം ബാലികമഠം എച്ച്എസ്എസിലെ ഗംഗ അജയ്, തിരുവല്ല പെരിങ്ങര പിഎംവി. എച്ച്എസിലെ കൃഷ്ണപ്രിയ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുതുശ്ശേരിമല ഗവ യുപി സ്‌കൂളിലെ എസ് ഷ്രേയ, പത്തനംതിട്ട മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആന്‍സ്റ്റീന്‍ സാബു എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 5000 രൂപയും 3000 രൂപയും 2000 രൂപയും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ.ഷിബു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബൈജു റ്റി പോള്‍, ജനപ്രതിനിധികള്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു