Trending Now

കാലവര്‍ഷക്കെടുതി : കൊക്കാത്തോട്ടില്‍ വ്യാപക നാശനഷ്ടം

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഏറെ നാശനഷ്ടം നേരിട്ടത് കുടിയേറ്റ ഗ്രാമമാമ കോന്നി കൊക്കാത്തോട്ടില്‍ . ഒരു ഗ്രാമം പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടായി .

പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം അതി ശക്തമായ മഴ പെയ്തതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . രണ്ടു മണിക്കൂര്‍ നേരം കൊണ്ട് ജില്ലയിലെ പല ഭാഗവും വെള്ളകെട്ടു കൊണ്ട് നിറഞ്ഞു . ഇതില്‍ ഏറെ നാശനഷ്ടം നേരിട്ട ഗ്രാമം ആണ് വനാന്തരത്തില്‍ ഉള്ള കൊക്കാത്തോട്‌.

ഇഞ്ച ചപ്പാത്തില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കലുങ്കിന് മുകളില്‍ പാകിയ മണ്ണ് പൂര്‍ണ്ണമായും ഒലിച്ചു പോയതോടെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു . മറ്റു പാത ഇല്ലാത്തതിനാല്‍ ഗ്രാമത്തിനു പുറം ലോകവുമായുള്ള എല്ലാ ബന്ധവും മുറിഞ്ഞു . കാറ്റടിച്ചു വൈദ്യുത ബന്ധം വേര്‍പെട്ടു . മൊബൈല്‍ ടവറില്‍ നിന്നുള്ള കവറേജ് ഇല്ലാതായതോടെ കോന്നിയുമായി അടിയന്തിര സഹായം ലഭിക്കാന്‍ ഏറെ വൈകി .

റോഡില്‍ മരങ്ങള്‍ വീണതും രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലായി . അഗ്നി സുരക്ഷാ വകുപ്പിന് സ്ഥലത്ത് എത്തുവാന്‍ കഴിഞ്ഞില്ല . പല വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി .ചില വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു . വാഹങ്ങളുടെ മുകളില്‍ മണ്ണ് ഇടിഞ്ഞു വീണു .

 

ഒരേക്കർ ഭാഗത്ത് പാറ ചരുവിൽ സതീശന്‍റെ വീട് പൂർണമായും തകർന്നു.മറ്റു മൂന്ന് വീടുകളും ഭാഗകമായും തകർന്നു.മുറികളിൽ കല്ലും മണ്ണും നിറഞ്ഞു.കുട്ടികൾ ഉൾപ്പെടെ വലിയ ശബ്ദം കേട്ട് ഇറങ്ങി ഓടി.നിരവധി ഇലക്ട്രിക് പോസ്റ്റുകൾ വലിയ മരം റോഡിലേക്ക് കടപുഴകി വീണു തകർന്നു. മേഖലയിൽ ബിഎസ്എൻഎൽ ടവർ ഇപ്പോഴും പ്രവർത്തിപ്പിക്കുന്നില്ല .കൊക്കാത്തോട് ഒരേക്കർ ഭാഗത്ത് വനമേഖലയിൽ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടൽ പോലെയുള്ള മല വെള്ള പാച്ചില്‍ ആണ് ഉണ്ടായത് .

കല്ലേലി ഭാഗത്ത്‌ മല വെള്ള പാച്ചില്‍ ഉണ്ടായതോടെ ആയിരക്കണക്കിന് കൈത തൈകള്‍ ഒലിച്ചു പോയി .റോഡില്‍ ചെളിയും മണ്ണും നിറഞ്ഞു . കനത്ത മഴയിൽ നാശനഷ്ടം ഉണ്ടായ കൊക്കാത്തോട്ടിലെ വിവിധ പ്രദേശങ്ങൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു.കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നിർമ്മാണത്തിലിരുന്ന ഇഞ്ച ചപ്പാത്ത് വാഹന ഗതാഗതം സാധ്യമാകാത്ത തരത്തിൽ തകർന്നിരുന്നു. രാവിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തരമായി കലുങ്ക് പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

സ്ഥലത്ത് എത്തിയ എംഎൽഎ വാഹന ഗതാഗതം പുന:സ്ഥാപിച്ചതിനുശേഷം ആണ് മടങ്ങിയത്.റവന്യൂ ഉദ്യോഗസ്ഥരോട് അടിയന്തരമായി നാശനഷ്ടം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചു. തകരാറിലായ വൈദ്യുതി സംവിധാനം അടിയന്തരമായി പുനക്രമീകരിക്കാൻ കെ എസ് ഈ ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടിയന്തിര വൈദ്യ ശുശ്രൂഷ നൽകുന്നതിന് ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചു.

മണ്ണും ചെളിയും അടിഞ്ഞുകൂടിയ വീടുകൾ പഞ്ചായത്തിന്‍റെ  നേതൃത്വത്തിൽ അടിയന്തരമായി ശുചീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി. കൊക്കാത്തോട്ടില്‍  പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം നേരിട്ടവരുടെ സഹായത്തിനായി പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും, ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നാശനഷ്ടം നേരിട്ട ആളുകളുടെയും യോഗം ചേരണമെന്ന് എം എൽ എ നിർദ്ദേശിച്ചു

error: Content is protected !!