കടപ്ര എസ് എന്‍ ആശുപത്രി, പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കണം : അഡ്വ. മാത്യു ടി തോമസ്

Spread the love

കടപ്ര എസ്.എന്‍ ആശുപത്രി , പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ട് താല്‍ക്കാലികമായി പരിഹരിച്ചിട്ടുണ്ട്. തിരുവല്ല ദീപാജംഗ്ഷനില്‍ കലുങ്ക് പണിയുന്ന സ്ഥലത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റുന്ന കാര്യം പരിശോധിക്കണം.
തിരുവല്ല ബൈപാസ് റോഡിലെ ഗ്രീന്‍ സിഗ്‌നല്‍ ലൈറ്റിന്റെ സമയം കൂട്ടണമെന്നും എംഎല്‍എ പറഞ്ഞു.

അട്ടത്തോട് സ്‌കൂളിന്റെ നിര്‍മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ പിഡബ്ല്യുഡി കെട്ടിടവിഭാഗത്തെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അഭിനന്ദിച്ചു. റാന്നി താലൂക്ക് ആശുപത്രിയുടെ നിര്‍മാണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി മുന്നോട്ടു പോകുന്നുണ്ട്. വെച്ചൂച്ചിറ- നാറാണംമൂഴി ഭാഗത്തേക്കു കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്തണം. കുരുമ്പന്‍മൂഴിയിലെ മണ്ണിടിച്ചിലില്‍ വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ചുള്ള തീരുമാനം ഡിസംബര്‍ 17 നു മുന്‍പ് ഉണ്ടാകണം. ബഥനിമല, ബിമ്മരം കോളനി തുടങ്ങിയ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കണം. ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് ആരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്നു ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു.പമ്പ ത്രിവേണിയില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കണം. ഭക്തജനത്തിരക്കുള്ളപ്പോള്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ ട്രാക്ടറുകള്‍ പോകുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെമ്പാടും നടപ്പാതകള്‍ കൈയ്യേറി കച്ചവടം നടത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നു ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി ഡി.സജി പറഞ്ഞു. ജില്ലയുടെ പല ഭാഗത്തും കാടുകള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി വളര്‍ന്നു നില്‍ക്കുന്നത് അപകടമുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നും  കക്കൂസ് മാലിന്യങ്ങള്‍ ഓടയിലേക്കൊഴുകുന്നതിനെതിരെ ഗൗരവമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ എ. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിഎം ബി രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.