Trending Now

കലഞ്ഞൂർ:വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

Spread the love

 

konnivartha.com: ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന സംസ്ഥാനമായി വരും വർഷം കേരളം മാറുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കലഞ്ഞൂർ സ്‌കൂൾ മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതിലൂടെ നികുതി വർധിപ്പിക്കാതെ വരുമാനം വർധിപ്പിക്കാൻ സാധിച്ചു. മലയോര തീരദേശഹൈവകൾ സംസ്ഥാനത്ത് കൂടുതൽ വ്യവസായവും സാധ്യമാക്കും. അടിസ്ഥാന സൗകര്യ വികസനത്തിലൂ‌ടെ കൂടുതൽ വ്യവസായമാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡ്, ആശുപത്രി, സ്കൂൾ, സാമൂഹ്യ നീതി പെൻഷൻ തുടങ്ങി എല്ലാ മേഖലകളിലുമുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോന്നി മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മലയോര ഹൈവേയിലൂടെ വലിയ വികസനക്കുതിപ്പാണ് സാധ്യമാകുന്നതെന്ന് അധ്യക്ഷനായ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ബിഎം ബിസി നിലവാരത്തിലുള്ള റോഡുകൾ ഉൾപ്പെടെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നതായും എംഎൽഎ പറഞ്ഞു.

വിവിധ മേഖലകളിലായി പൂർത്തീകരിച്ചിട്ടുള്ളതും തുടക്കം കുറിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവുമാണ് ധനകാര്യ മന്ത്രി നിർവഹിച്ചത്. മൂന്ന് കോടി രൂപ വിനിയോഗിച്ച് കലഞ്ഞൂർ മാർക്കറ്റിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സ്, 4.84 കോടി രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ നിർമിക്കുന്ന ഉദയ ജംഗ്ഷൻ മലനട റോഡ്, രണ്ടു കോടി രൂപയിൽ നിർമ്മിക്കുന്ന കലഞ്ഞൂർ സ്‌കൂൾ ഹയർ സെക്കൻഡറി ബ്ലോക്ക്, 50 ലക്ഷം രൂപയിൽ നിർമിക്കുന്ന കലഞ്ഞൂർ സ്‌കൂൾ ആധുനിക സയൻസ് ലാബ്, കലഞ്ഞൂർ സർക്കാർ എൽപി സ്‌കൂളിൽ 20 ലക്ഷം രൂപയിൽ നിർമിക്കുന്ന ക്ലാസ് മുറികൾ, 45 ലക്ഷം രൂപ വിനിയോഗിച്ച് പുനലൂർ മൂവാറ്റുപുഴ റോഡിന് കുറുകെ നിർമിക്കുന്ന കലഞ്ഞൂർ സ്‌കൂൾ കാൽനട മേൽപ്പാലം, കലഞ്ഞൂർ സ്‌കൂൾ ബസ് കൈമാറ്റം, 25 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന മല്ലങ്കുഴ മൂഴി- അമ്പോലിൽ- പുതുവൽ റോഡ്, 30 ലക്ഷം രൂപയിൽ നിർമ്മിക്കുന്ന കൊല്ലൻമുക്ക് – പറയൻകോട്- മാമൂട് റോഡ്, 5.25 ലക്ഷം രൂപയിൽ നിർമിക്കുന്ന അർത്തനാൽ പടി- ഇലവുംന്താനം പടി റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കീച്ചേരി പാലത്തിന്റെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്.

ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനപ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവർ പങ്കെടുത്തു.

error: Content is protected !!