Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/05/2025 )

Spread the love

ഇന്ന് (മേയ് 16) കൊടിയേറ്റം:എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി വിസ്തീര്‍ണം,കലാ-സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള, കാര്‍ഷിക മേള

പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന് വിരാമം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന നേര്‍ക്കാഴ്ചയുമായി എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേളയ്ക്ക് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ഇന്ന് (മേയ് 16 വെള്ളി) തുടക്കം. വൈകിട്ട് 5ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

വികസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ അസൂയാവഹമായ നേട്ടം മേയ് 22 വരെ നീളുന്ന മേളയിലുണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം. അസാധ്യമെന്ന് എഴുതിത്തള്ളിയ പല പദ്ധതിയും പുനര്‍ജീവിപ്പിച്ചതിന്റെ സാക്ഷ്യപ്പെടുത്തലാകും പ്രദര്‍ശന മേള. നാട്ടിലെ വികസന മുന്നേറ്റം അനാവരണം ചെയ്യുന്ന 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. 5 ജര്‍മന്‍ ഹാംഗറില്‍ 71000 ചതുരശ്രയടിയിലാണ് പവലിയന്‍. 65 ചതുരശ്രയടിയിലാണ് ഓരോ സ്റ്റാളുകളും. 660 ടണ്‍ എസിയിലാണ് പ്രവര്‍ത്തനം. കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവലിയന്‍, ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി വീക്ഷിക്കാം. കുടംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല. 1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊന്ന്. വിവിധ കാലഘട്ടത്തിലെ സിനിമ പ്രദര്‍ശിപ്പിക്കും.
രാവിലെ 10 മുതല്‍ രാത്രി 9 വരെ നീളുന്ന പ്രദര്‍ശനത്തില്‍ കാര്‍ഷിക- വിപണന പ്രദര്‍ശന മേള, കാരവന്‍ ടൂറിസം ഏരിയ, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍, ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനം, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, സ്‌കൂള്‍ മാര്‍ക്കറ്റ്, സൗജന്യ സര്‍ക്കാര്‍ സേവനം, കായിക- വിനോദ പരിപാടി, പൊലിസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.

ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പത്തനംതിട്ട നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി അശ്വതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മേളയുടെ ആദ്യ ദിനമായ ഇന്ന് (മേയ് 16 വെള്ളി) വൈകിട്ട് 6.30 മുതല്‍ ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന ‘നവോത്ഥാനം- നവകേരളം’ മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌ക്കാരം. രണ്ടു മണിക്കൂറില്‍ 60 ഓളം കലാകാരന്‍മാരുടെ പ്രതിഭാസംഗമം. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലില്‍ വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തുടങ്ങിയവ പരിചയപ്പെടുത്തും.
മേയ് 17 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാതൃ ശിശുസംരക്ഷണം നൂതന പ്രവണതകള്‍ വിഷയത്തിന്റെ സെമിനാര്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ ശേഷം ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. വൈകിട്ട് 6.30 മുതല്‍ ജില്ലയില്‍ ആദ്യമായി മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ.

മൂന്നാം ദിനമായ മേയ് 18 ന് രാവിലെ 10 മുതല്‍ 1 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ പ്രതിഭാ സംഗമം. വൈകിട്ട് 6.30 മുതല്‍ മജീഷ്യന്‍ സാമ്രാജ് അവതരിപ്പിക്കുന്ന സൈക്കോ മിറാക്കുള മാജിക് ഷോ.

മേയ് 19 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പിന്നോക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം. ഉച്ചയ്ക്ക് 1.30  മുതല്‍ മൂന്നു വരെ എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നാടകം. വൈകിട്ട് 6.30 മുതല്‍ ജില്ലയില്‍ ആദ്യമായി ഗ്രൂവ് ബാന്‍ഡ് ലൈവ് മ്യൂസിക് ഷോ.

അഞ്ചാം ദിനമായ മേയ് 20 ന് വൈകിട്ട് 6.30 മുതല്‍ അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്.
മേയ് 21 ന് രാവിലെ 10 മുതല്‍ 1 വരെ വനിതാ ശിശു വികസന വകുപ്പിന്റെ സാംസ്‌കാരിക പരിപാടി. ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടി. വൈകിട്ട് 6.30 മുതല്‍ കനല്‍ നാടന്‍ പാട്ട്.

അവസാന ദിനമായ മേയ് 22 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍- ലഹരിക്കെതിരായ ബോധവല്‍ക്കരണം, വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത, ഗ്ലൂക്കോമീറ്റര്‍ വിതരണം. വൈകിട്ട് 4ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പത്തനംതിട്ട നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി അശ്വതി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലയില്‍ ആദ്യമായി സൂരജ് സന്തോഷിന്റെ ബാന്‍ഡ് ലൈവ് ഷോ.


‘നവോത്ഥാനം- നവകേരളം’ ദൃശ്യാവിഷ്‌ക്കാരം ഇന്ന് (മേയ് 16 വെള്ളി)

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയില്‍ വേറിട്ട  മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌ക്കാരവുമായി ഭാരത് ഭവന്‍. ശബരിമല ഇടത്താവളത്തില്‍ ഇന്ന് (മേയ് 16 വെള്ളി) വൈകിട്ട് 6.30 മുതല്‍ ഭാരത് ഭവന്റെ നേതൃത്വത്തില്‍ ‘നവോത്ഥാനം- നവകേരളം’ ദൃശ്യാവിഷ്‌ക്കാരം സംഘടിപ്പിക്കും.
ചരിത്രപരവും നവീനവുമായ ദൃശ്യസാധ്യത പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ലക്ഷ്യം. 60 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും.

വേദിയിലും സ്‌ക്രീനിലുമായി രണ്ടു മണിക്കൂറോളം ദൃശ്യാവിഷ്‌ക്കാരം ഉണ്ടാകും. നവോത്ഥാന കാലത്തെ മാനവിക മൂല്യങ്ങള്‍ സര്‍ക്കാര്‍ കരുതലോടെ സംരക്ഷിക്കുന്നതിന്റെ പ്രാധ്യാന്യം വിളിച്ചോതും. സംസ്ഥാനത്തെ സാമൂഹ്യമാറ്റങ്ങളുടെ ഹൃദ്യമായ അവതരണത്തിനൊപ്പം നവകേരള നിര്‍മിതിയുമായി മുന്നേറുന്ന സര്‍ക്കാരിന്റെ നേട്ടവും അവതരിപ്പിക്കും. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലാണ്. വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തുടങ്ങിയ വിവിധ മേഖല പരിചയപ്പെടുത്തും. എല്ലാ തലമുറയിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കും വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന ദൃശ്യാവിഷ്‌ക്കാരം.


‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് ( മേയ് 16)

വൈകിട്ട് 05.00 : ഉദ്ഘാടന സമ്മേളനം, അധ്യക്ഷന്‍ – നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഉദ്ഘാടനം – ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
വൈകിട്ട് 6.30   :  നവോത്ഥാനം- നവകേരളം, കേരളീയരുടെ ആത്മാഭിമാനത്തെ പ്രോജ്വലിപ്പിക്കുന്ന മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌കാരം.


സൗജന്യ ജലഗുണ പരിശോധന

പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍  മെയ് 16 മുതല്‍ 22 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനമേളയില്‍ ഹരിതകേരളം മിഷന്റെ സ്റ്റാളില്‍ സൗജന്യമായി ജലഗുണനിലവാര പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാല്  വരെയാണ് പരിശോധന. വൃത്തിയാക്കിയ കുപ്പികളില്‍ അവരവരുടെ വീടുകളിലെ കിണറുകളിലെ വെള്ളം  കൊണ്ടുവരണം.


ജലവിതരണ ഷെഡ്യൂളില്‍ മാറ്റം

എന്റെ കേരളം പ്രദര്‍ശമേളയുമായി ബന്ധപ്പെട്ട് മെയ് 22വരെ ജലവിതരണ ഷെഡ്യൂളില്‍ മാറ്റം ഉണ്ടാകുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നവീകരിച്ച ഇവി  റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (മേയ് 16) നാടിന് സമര്‍പ്പിക്കും

ബിഎം ആന്റ് ബിസി നിലവാരത്തില്‍ 6.73 കോടി രൂപയില്‍  നിര്‍മിച്ച അടൂര്‍ ഇവി റോഡിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 16)  വൈകിട്ട് 4 30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കെ പി റോഡില്‍ ചേന്നംപള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് നെല്ലിമുകള്‍ -തെങ്ങമം റോഡില്‍ നെല്ലിമുകളില്‍ അവസാനിക്കുന്ന ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ഇവി റോഡ്. സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്നു കിടന്ന റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ബജറ്റില്‍ രണ്ടു കോടി രൂപ ഉള്‍പ്പെടുത്തി ചേന്നമ്പിള്ളി ജംഗ്ഷനില്‍ നിന്നും വഞ്ചിമുക്ക് വരെ അഞ്ചര മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കി.
പെരിങ്ങനാട് മുളമുക്ക് ജംഗ്ഷനില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംപി മണിയമ്മ, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം

പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏറത്ത് ഗ്രാമപഞ്ചായത്തില്‍ സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസന്‍ ശശികുമാര്‍, എല്‍സി ബെന്നി, ശ്രീലേഖ ശശികുമാര്‍, കൃഷി ഓഫീസര്‍ സൗമ്യശേഖര്‍, രാജേഷ് മണക്കാല, രാജന്‍ സുലൈമാന്‍, അസിസ്റ്റന്റ്  കൃഷി ഓഫീസര്‍ സുജകുമാരി എന്നിവര്‍ പങ്കെടുത്തു. 10 പേര്‍ വീതമുളള 32 കൃഷികൂട്ടങ്ങള്‍ക്ക് 150 കിലോഗ്രാം ജൈവവളം, 500 പച്ചക്കറി തൈ , 100 വാഴവിത്ത് എന്നിവ നല്‍കി.


ബയോമെട്രിക് സിറ്റിംഗ് മേയ്19ന്

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് നിശ്ചിത പ്രൊഫോര്‍മ വിവരം ബന്ധപ്പെട്ട സ്ഥാപന അധികാരികളില്‍ നിന്ന് സ്വീകരിക്കാനുളള സിറ്റിംഗ് മെയ് 19ന് പത്തനംതിട്ട കേരള ബാങ്ക് ഹാളില്‍ നടക്കും. സ്വയം സാക്ഷ്യപെടുത്തിയ ആധാര്‍ പകര്‍പ്പ്  ഉള്‍പ്പെട്ട രേഖകളാണ് സമര്‍പ്പിക്കേണ്ടത്.  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പെന്‍ഷന്‍കാര്‍  ജില്ലയില്‍ സിറ്റിംഗ് നടക്കുന്ന ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/  സെക്രട്ടറി അറിയിച്ചു.  ഫോണ്‍: 0471 2475681.

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് നൂറുമേനി

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് പത്ത്, 12 ക്ലാസുകളിലെ  സിബിഎസ്ഇ പരീക്ഷയില്‍
നൂറുമേനി വിജയം.  10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ 106 പേരില്‍ 62 പേര്‍ക്കും 12 -ാം ക്ലാസില്‍ പ30 പേരില്‍ 21 പേര്‍ക്കും മികച്ച വിജയം ലഭിച്ചു.


റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംപിഎച്ച് /എംഎസ് സി നഴ്‌സിംഗ് /എം എസ് ഡബ്ല്യൂ എന്നിവയിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്. അവസാന തീയതി മേയ് 22. shsrc.kerala.gov.in  ഫോണ്‍ : 0471 2323213.

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി അടൂര്‍ എഞ്ചിനിയറിങ് കോളേജില്‍ 2025-26 അധ്യയനവര്‍ഷം ബി.ടെക് കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ.സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. https://nri.ihrd.ac.in വെബ്‌സൈറ്റ് വഴി ജൂണ്‍ നാലുവരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് (ഓണ്‍ലൈനായോ/അടൂര്‍എഞ്ചിനിയറിങ് കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ്) സഹിതം  ജൂണ്‍ ഏഴിന് വൈകിട്ട് നാലിന് മുമ്പ് കോളജില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 8547005100, 9446527757, 9447484345, 8111894703, 9847260210.

 

നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിനുള്ള ഇടപെടലുകളും നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.

ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ (13,271 പേര്‍) വീട് നിര്‍മാണം പൂര്‍ത്തിയായി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ 76.34 (13,646) ശതമാനമാക്കി ഉയര്‍ത്തും. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയില്‍ ആകെയുള്ള 141 റോഡുകളില്‍ 28 എണ്ണത്തിന്

കരാര്‍ നല്‍കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും.

നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജനമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയില്‍ പദ്ധതി പുരോഗമിക്കുന്നു. ആകെ 2579 കുടുംബങ്ങളെയാണ് അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്. 1690 കുടുംബങ്ങളെ (66 ശതമാനം) അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ 1852 (95 ശതമാനം) ആയി ഉയര്‍ത്തും.
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം വീട് മാത്രം ആവശ്യമുള്ള 98 കുടുംബങ്ങളില്‍ 46 പേര്‍ക്ക് നിര്‍മിച്ചു നല്‍കി. ഓഗസ്റ്റില്‍ 92 ആക്കി ഉയര്‍ത്തും. പദ്ധതി പ്രകാരം വസ്തുവും വീടും ആവശ്യമുള്ള 76 കുടുംബങ്ങളില്‍ ഏഴ് പേര്‍ക്ക് വസ്തു ലഭ്യമാക്കി വീട് പൂര്‍ത്തീകരിച്ചു. ഓഗസ്‌റ്റോടെ 68 കുടുംബങ്ങള്‍ക്ക് വീടും വസ്തുവും നല്‍കും. പാര്‍പ്പിടം പുനരുദ്ധാരണം ആവശ്യമുള്ള 214 കുടുംബങ്ങളില്‍ 158 പേരുടെ വീട് പൂര്‍ത്തീകരിച്ചു. ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും.

ആര്‍ദ്രം പദ്ധതി പ്രകാരം ജില്ലയില്‍ 47 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 33 എണ്ണം പൂര്‍ത്തീകരിച്ചു. മൂന്നുമാസത്തിനകം മൂന്ന് കേന്ദ്രങ്ങള്‍ കൂടി പൂര്‍ത്തീകരിക്കും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുത്ത 11 സ്ഥാപനങ്ങളില്‍ ഏഴെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. തിരഞ്ഞെടുത്ത നാല് പ്രധാന ആശുപത്രികളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മൂന്നു മാസത്തിനകം ബാക്കി പൂര്‍ത്തിയാകും.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് സംവിധാനം പ്രവര്‍ത്തനക്ഷമമാണ്. ജില്ലയില്‍ 56 ആരോഗ്യസ്ഥാപനങ്ങളാണ് നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക്- ഹബ് ആന്റ് സ്‌പോക്ക് ശൃംഖലയില്‍ സജ്ജമായത്. ഓഗസ്‌റ്റോടെ പദ്ധതിക്കായി തിരഞ്ഞെടുത്ത എല്ലാ സ്ഥാപനങ്ങളും പൂര്‍ത്തിയാകും. വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബിയുടെ സഹായത്തോടെ ഭൗതിക സൗകര്യവികസനത്തിന് തിരഞ്ഞെടുത്ത 19 വിദ്യാലയങ്ങളില്‍ 14 എണ്ണം പൂര്‍ത്തിയായി. ഓഗസ്റ്റില്‍ 16 ആയി ഉയരും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ജില്ലയില്‍ യൂസര്‍ ഫീ ശേഖരണം ഓഗസ്‌റ്റോടെ നൂറു ശതമാനം കൈവരിക്കും.

ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജലബജറ്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റില്‍ 29 തദ്ദേശ സ്ഥാപനങ്ങളുടെ ജലബജറ്റ് പ്രസിദ്ധീകരിക്കും. ഇതുവരെ സ്ഥാപിച്ച 190 പച്ചത്തുരുത്തുകള്‍ക്കു പുറമെ 42 എണ്ണം കൂടി ഓഗസ്റ്റില്‍ സ്ഥാപിക്കും. മൂന്നുമാസത്തിനുള്ളില്‍ ജില്ലയില്‍ 32 ശതമാനം നീര്‍ച്ചാലുകള്‍ വീണ്ടെടുക്കും.
അബാന്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണം, പ്ലാപ്പള്ളി- അച്ചന്‍കോവില്‍ റോഡ് വനഭൂമി ലഭ്യമാക്കല്‍, അച്ചന്‍കോവില്‍-ചിറ്റാര്‍ റോഡിനു സമീപം അച്ചന്‍കോവില്‍ ധര്‍മശാസ്ത ക്ഷേത്രത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഉള്‍വനത്തിലെ ആവണിപ്പാറ പട്ടികവര്‍ഗ സെറ്റില്‍മെന്റില്‍ പാലം നിര്‍മാണത്തിനുള്ള അനുമതി, വടശേരിക്കര പാലം നിര്‍മാണം, കോതേക്കാട്ട് പാലം, ശ്രീവല്ലഭ ക്ഷേത്രം തെക്കേനട പാലം, ഗണപതിപുരം പാലം, പുല്ലംപ്ലാവില്‍ കടവ് പാലം, കറ്റോഡ് പാലം നിര്‍മാണം, റാന്നി താലൂക്ക് ആശുപത്രി നിര്‍മാണം, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി സ്ഥലപരിമിതി പരിഹാരം, പമ്പ റിവര്‍ വാലി ടൂറിസം പദ്ധതി, റാന്നി നോളജ് വില്ലേജ് പദ്ധതി നിര്‍മാണം, അടൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലും കൈവഴികളിലുമായി അടിഞ്ഞുകൂടിയ അവശിഷ്ടം നീക്കം ചെയ്യല്‍, എഫ്. എസ്. ടി. പി കൊടുമണ്‍ പ്ലാന്റേഷന്‍, എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതി, സുബല പാര്‍ക്ക് പുനരുദ്ധാരണം, ജി. എച്ച്. എസ്. എസ് ചിറ്റാര്‍ ഓഡിറ്റോറിയം നിര്‍മാണം, കേരള കപ്പാസിറ്റേഴ്‌സ് എഞ്ചിനിയറിംഗ് ടെക്‌നിഷ്യന്‍സ് വ്യവസായ സഹകരണ സംഘത്തിലെ സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം വ്യവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്നത്, പമ്പ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ റവന്യു ഹൗസ് സ്ഥാപിക്കുന്നത്, വനഭൂമി പട്ടയം സംബന്ധിച്ച വിഷയം തുടങ്ങിയവ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പരിഗണനാ വിഷയം അവതരിപ്പിച്ചു.

 

എന്റെ കേരളം മേളയില്‍ സൗജന്യമായി അക്ഷയ സേവനം

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ ഓണ്‍ലൈന്‍ സേവനം അക്ഷയ ഒരുക്കും. കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലാണ് അക്ഷയ ഹെല്‍പ് ഡെസ്‌ക്. ആധാര്‍ എന്റോളിംഗ്, ആധാര്‍ കാര്‍ഡ് പുതുക്കല്‍, തെറ്റുതിരുത്തല്‍, ആധാറുമായി റേഷന്‍, പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കല്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവനം അക്ഷയ ഹെല്‍പ് ഡെസ്‌ക് മുഖേന സന്ദര്‍ശകര്‍ക്ക് ലഭ്യമാകും. വ്യക്തിഗത രേഖ ഡിജിറ്റലായി സൂക്ഷിക്കുന്ന ഡിജിലോക്കര്‍ സംവിധാനവും സ്റ്റാളില്‍ ഏര്‍പ്പെടുത്തും. ആധാറുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിലോക്കര്‍ സേവനം സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം.

 

ചലച്ചിത്ര ആസ്വാദകര്‍ക്കായി മിനി തിയേറ്റര്‍

ചലച്ചിത്ര ആസ്വാദകരെ ക്ഷണിച്ച് എന്റെ കേരളം പ്രദര്‍ശന മേള. പഴയകാല ഹിറ്റ് ചിത്രങ്ങള്‍ തിയേറ്റര്‍ അനുഭവത്തില്‍ വീണ്ടും ആസ്വദിക്കാന്‍ സൗജന്യമായി അവസരമൊരുക്കുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്നാണ് അനുഭവം ഒരുക്കുന്നത്. പൂര്‍ണമായും ശീതികരിച്ച 1500 ചതുരശ്ര അടി വലിപ്പമുള്ള മിനി തിയേറ്ററില്‍ 11.5 അടി നീളവും 21.5 അടി വീതിയുമുള്ള എച്ച്ഡി എല്‍ഇഡി വാളിലാണ് പ്രദര്‍ശനം. അത്യാധുനീക സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിലുള്ള തിയേറ്ററില്‍ ഒരേ സമയം 75 പേര്‍ക്ക് സിനിമ കാണാം. ദിവസം അഞ്ച് ഷോ വീതം ആറ് ദിവസത്തേക്ക് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ആരാധകരുടെ ആരവങ്ങളാല്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ജനപ്രിയ സിനിമകള്‍ മുതല്‍ ക്ലാസിക് ചിത്രങ്ങളുള്‍പ്പെടെ വിവിധ കാലഘട്ടത്തിലുള്ളവ വീക്ഷിക്കാം.

 

മലയോര മേഖലയുടെ ദൃശ്യാവിഷ്‌കാരവുമായി ടൂറിസം വകുപ്പ്

മലയോരമേഖലയിലെ ഗ്രാമീണഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കി ടൂറിസം- പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ടൂറിസം മേഖലയിലെ സാധ്യതകളുടെ ദൃശ്യാവിഷ്‌കാരമാണ് സ്റ്റാളില്‍. ഗ്രാമീണ വഴിയും വയലും കുളവും തേവ് കൊട്ടയും ഓലക്കുടിലും പഴയതലമുറയ്ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുമ്പോള്‍ യുവതലമുറയ്ക്ക് പുതുഅനുഭവം നല്‍കും. സാഹസിക ടൂറിസം അടയാളപ്പെടുത്തുന്ന കാഴ്ചയും സന്ദര്‍ശകര്‍ക്ക് കൗതുകം പകരും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെകുറിച്ചുള്ള വിവരങ്ങളും സ്റ്റാളിലൂടെ ലഭിക്കും.

 

മേളയില്‍ ട്രാക്കൊരുക്കി കായിക വകുപ്പ്

എന്റെ കേരളം പ്രദര്‍ശന മേളയില്‍ പ്രായഭേദമില്ലാതെ പങ്കെടുക്കാവുന്ന വ്യത്യസ്ത മല്‍സര ഇനങ്ങളുമായി കായിക വകുപ്പിന്റെ സ്റ്റാള്‍. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളും വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കും. സിന്തറ്റിക് ട്രാക്കുള്‍പ്പെടെ ഗ്രൗണ്ടിന്റെ മാതൃകയിലാണ് സ്റ്റാളിന്റെ രൂപകല്‍പ്പന. സ്റ്റാളിന്റെ മധ്യത്തില്‍ മിനി ഫുട്‌ബോള്‍ ടര്‍ഫുമുണ്ട്. വിവിധ കായിക മത്സരങ്ങള്‍ പരിശീലിക്കാനും അവസരമുണ്ട്. ഹെല്‍ത്തി കിഡ്സും സന്ദര്‍ശകര്‍ക്ക് ആരോഗ്യ, ഫിറ്റ്നസ് വിഷയങ്ങളെക്കുറിച്ചുള്ള വിവരം നല്‍കുന്നതിന് പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.

 

 

ഗെയിമുകളിലൂടെ അറിവ് പകരാന്‍ എക്സൈസ് സ്റ്റാള്‍

യുവജനതയെ കീഴ്പ്പെടുത്തുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ ഗെയിമുകളിലൂടെ സന്ദേശം പകരാന്‍ എന്റെ കേരളം പ്രദര്‍ശന മേളയില്‍ സ്റ്റാളുമായി എക്സൈസ് വകുപ്പ്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ബോധവല്‍ക്കരണവും പരാതി സ്വീകരിക്കുന്നതിന് സീക്രട്ട് ബോക്സും ഒരുക്കും. ലഹരിക്കെതിരെ ഒരു ത്രോ എന്ന ആശയവുമായി ബാസ്‌ക്കറ്റ് ബോള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ഡാറ്റ് ബോര്‍ഡ്, പസില്‍, ലഹരിക്കെതിരെ ക്യാപ്ഷന്‍ തുടങ്ങിയവ ഒരുക്കും. ദിനംപ്രതിയുള്ള ചോദ്യോത്തര നറുക്കെടുപ്പില്‍ ജേതാവാകുന്നവര്‍ക്ക് സമ്മാനവുമുണ്ട്. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. മേളയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ നാടകം, കളരിപയറ്റ് എന്നിവയും അരങ്ങേറും.

 

 

ഇ ഓട്ടോറിക്ഷ വിതരണം ചെയ്തു

മാലിന്യ മുക്തം നവ കേരളത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായി നല്‍കിയ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലയിലെ 16 ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് ഇ ഓട്ടോറിക്ഷ നല്‍കിയത് . 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65.2 ലക്ഷം രൂപ വിനിയോഗിച്ചു. ആദ്യഘട്ടത്തില്‍ 20 പഞ്ചായത്തുകള്‍ക്ക് ഇ ഓട്ടോറിക്ഷ നല്‍കിയിരുന്നു.
ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ ജില്ലയില്‍ നടക്കുന്നതായി പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എം സി എഫുകളിലേക്ക് വേഗതയില്‍ എത്തിക്കാനാകുന്നു. ഹരിതകര്‍മ സേനയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ പ്രസിഡന്റ് വാഗ്ദാനം ചെയ്തു.

കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, അംഗം ജെസ്സി അലക്‌സ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ആര്‍ മോഹനന്‍ നായര്‍, ലതാ മോഹന്‍, ബിനു ജോസഫ് , മിനി ജിജു ജോസഫ്, വി എസ് ആശ, അഡ്വ കൃഷ്ണകുമാര്‍, മിനി സോമരാജന്‍, അനുരാധ സുരേഷ്, ഷാജി കെ സാമുവേല്‍, ബിന്ദു റെജി, വൈസ് പ്രസിഡന്റുമാരായ ബിജിലി പി ഈശോ, കടമ്മനിട്ട കരുണാകരന്‍, ജില്ലാ -ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!