പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/07/2025 )

Spread the love

യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണം: മന്ത്രി സജി ചെറിയാന്‍

മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഡിജിറ്റല്‍ യുഗത്തില്‍ വായനശാലകളുടെ പ്രാധാന്യം കുറയുന്നില്ല.

 

വ്യാജ വാര്‍ത്ത മനസിലാക്കാന്‍ വായനയിലൂടെയുള്ള അറിവ് സഹായിക്കും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വായന ആവശ്യമാണ്. വസ്തുതപരമായ കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥശാലയ്ക്കാകണം. മതസ്പര്‍ധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തില്‍ പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ഗ്രന്ഥശാലകള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാകും. ജനങ്ങളെ വായനയിലൂടെ പ്രബുദ്ധരാക്കണം. ‘ജാനകി’ എന്ന സിനിമ പേര് പോലും അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കുട്ടികളിലെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് നടപ്പാക്കിയ സുംബ ഡാന്‍സിനെ പോലും ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ കേരളമായത് കൊണ്ടും ഇതൊന്നും വിലപോകുന്നില്ല. എങ്കിലും ഇതെല്ലാം ചര്‍ച്ച ചെയ്യാന്‍ സമൂഹം തയ്യാറാകണം.

സംസ്ഥാനത്തെ സാംസ്‌കാരിക രംഗത്ത് ലൈബ്രറി കൗണ്‍സില്‍ ചെലുത്തിയ സ്വാധീനം വിലമതിക്കാനാകാത്തതാണെന്ന് മന്ത്രി പറഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി എന്‍ പണിക്കരും ഐ വി ദാസും സമൂഹത്തെ നിരക്ഷരതയുടെ ഇരുളില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. സാധാരണക്കാര്‍ക്ക് അറിവേകാന്‍ ഗ്രാമങ്ങളില്‍ ഗ്രന്ഥാശാലകള്‍ സ്ഥാപിച്ചു. സാംസ്‌കാരിക വളര്‍ച്ച ഉറപ്പാക്കി. സാക്ഷരതയുള്ള പ്രബുദ്ധ സമൂഹത്തെ പുരോഗമനപരമായ മാറ്റത്തിലൂടെ വളര്‍ത്തിയെടുത്തു. കേരളത്തില്‍ വലിയ വായനാ സമൂഹം സൃഷ്ടിച്ചു. ഓരോ വ്യക്തിയേയും അറിവിന്റെ ലോകത്ത് എത്തിച്ചു.
ഫിഷറീസ് വകുപ്പിന്റെ ‘പ്രതിഭാതീരം’ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തീരദേശത്തെ വായനശാലകളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കി മല്‍സ്യത്തൊഴിലാളികളുടെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്‌കൂള്‍ പ്രവേശനോത്സവ ഗാനം രചിച്ച ഭദ്ര ഹരിയെ ചടങ്ങില്‍ അനുമോദിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍  പ്രസിഡന്റ് ഡോ. കെ. വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി കൃഷ്ണകുമാര്‍, പുരോഗമനകലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ജി ആനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.


ആറന്മുള വള്ളസദ്യ: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍

ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ലാ കലക്ടര്‍. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോടങ്ങളുടെ സുഗമ സഞ്ചാരത്തിന്  നടപടി സ്വീകരിക്കും.

അടിയന്തര വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തും. ക്ഷേത്ര പരിസരത്ത് അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കും. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകും.
ക്രമസമാധാനവും സുരക്ഷയും പോലിസ് ഉറപ്പാക്കും. വനിതാ പോലിസിനെ ഉള്‍പ്പെടെ മഫ്തിയില്‍ നിയോഗിക്കും. വാഹന പാര്‍ക്കിംഗിന് വ്യക്തമായ പദ്ധതി തയാറാക്കും.

അത്യാധുനിക സൗകര്യങ്ങളോടെ ഫയര്‍ യൂണിറ്റ് ക്രമീകരിക്കും. അപകടരഹിതമായും തര്‍ക്കങ്ങള്‍ ഒഴിവാക്കിയും വള്ളംകളി നടത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
വള്ളസദ്യ വഴിപാടുകള്‍ ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ 14നും ഉതൃട്ടാതി ജലമേള സെപ്റ്റംബര്‍ ഒമ്പതിനും നടക്കും.
തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


തൊഴില്‍ മേള  ഇന്ന് (ജൂണ്‍ 08 ചൊവ്വ)

കുടുംബശ്രീയും വിജ്ഞാന കേരളവും  നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ  മൂന്നാമത്തെ പ്രാദേശിക തൊഴില്‍ മേള ഇന്ന് (ജൂലൈ 08 ചൊവ്വ) പന്തളം ബ്‌ളോക്കില്‍ നടക്കും.
സെയില്‍സ് ട്രെയിനി-ഗോള്‍ഡ്, സെയില്‍സ് സ്റ്റാഫ്-ഗോള്‍ഡ് , സെയില്‍സ് സ്റ്റാഫ് -ടെക്‌സ്‌റ്റൈല്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്പമെന്റ് എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, സര്‍വീസ്  ടെക്‌നീഷ്യന്‍, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് ഓഫീസര്‍, ബിസിനസ് അസോസിയേറ്റ്, ലൈഫ് പ്ലാനര്‍, ഗസ്റ്റ്  റിലേഷന്‍സ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്കാണ് അഭിമുഖം.

എല്ലാ ഗ്രാമപഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളിലെ കുടുംബശ്രീ സി ഡി എസ് ഓഫീസുകളിലും വിജ്ഞാന കേരളത്തിന്റെ ബ്‌ളോക്ക്-മുനിസിപ്പല്‍തല ജോബ് സ്റ്റേഷനുകളിലും രജിസ്‌ട്രേഷന് സൗകര്യമുണ്ട്.

തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

അംശദായം അടയ്ക്കാം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക്  മുടക്കം വരുത്തിയ  അംശദായം ജൂലൈ 31 വരെ അടയ്ക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.

ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കോഴ്‌സ്

സ്‌കോള്‍ കേരള – ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കോഴ്‌സ് രണ്ടാം ഗഡു ഫീസ് പിഴകൂടാതെ ജൂലൈ 21 വരെയും 100 രൂപ പിഴയോടെ 30 വരെയും www.scolekerala.org മുഖേനെ അടയ്ക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950, 2342271.


ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാം

അടൂര്‍ താലൂക്കില്‍ അടൂര്‍ വില്ലേജില്‍ തയാറാക്കിയ ഡിജിറ്റല്‍ സര്‍വേ റിക്കാര്‍ഡുകള്‍ ഓഗസ്റ്റ് ആറുവരെ അടൂര്‍ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (അടൂര്‍ നെല്ലിമൂട്ടില്‍പടിക്ക് സമീപം കണ്ണംകോട് വാര്‍ഡില്‍ ഫെയര്‍വ്യൂവില്‍ പ്രവര്‍ത്തിക്കുന്ന സര്‍വെ ക്യാമ്പ് ഓഫീസ്) എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ പരിശോധിക്കാം. റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. അല്ലാത്തപക്ഷം റിസര്‍വെ റിക്കാര്‍ഡിലുള്ള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ അന്തിമമായി പ്രഖ്യാപിക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനം അറിയിച്ചിട്ടുളള ഭൂഉടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ പോളിമെര്‍ ടെക്‌നോളജി ലാറ്ററല്‍ എന്‍ട്രി ( രണ്ടാം വര്‍ഷത്തിലേക്ക്) സ്പോട്ട് അഡ്മിഷന്‍ ജൂലൈ 15 ന് കോളജില്‍ നടക്കും. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. പട്ടികവിഭാഗം/ഒഇസി പെടാത്തവര്‍ സാധാരണ ഫീസിനു പുറമെ സ്‌പെഷ്യല്‍ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് ആയിരം രൂപ.
വെബ്‌സൈറ്റ് : www.polyadmission.org/let . ഫോണ്‍: 04734 231776.

ഗ്രാമസഭ

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ  ഇന്ന് (ജൂലൈ 08 ചൊവ്വ) മുതല്‍ 14 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.
ചെറുകുളഞ്ഞി, ജൂലൈ 08, രാവിലെ 10.30, അഞ്ചാനി ക്‌നനായ പളളി ഓഡിറ്റോറിയം.
കരിമ്പനാംകുഴി, ജൂലൈ 08, ഉച്ചയ്ക്ക് ശേഷം മൂന്നിന്, ബംഗ്ലാംകടവ് ന്യൂ യു.പി സ്‌കൂള്‍.
വലിയകുളം, ജൂലൈ 08, ഉച്ചയ്ക്ക് ശേഷം 01.30, വലിയകുളം ജി.എല്‍.പി സ്‌കൂള്‍.
വടശ്ശേരിക്കര ടൗണ്‍, ജൂലൈ 12, ഉച്ചയ്ക്ക് ശേഷം 01.30, കുമരംപേരൂര്‍ ഇ.എ.എല്‍.പി.സ്‌കൂള്‍.
ബൗണ്ടറി, ജൂലൈ 12, രാവിലെ 10.30, ബൗണ്ടറി എം.എസ്.ആര്‍ സ്‌കൂള്‍.
പേഴുംപാറ, ജൂലൈ 09, ഉച്ചയ്ക്ക് ശേഷം 02.30, പേഴുംപാറ കമ്മ്യൂണിറ്റി ഹാള്‍.
അരീയ്ക്കകാവ്, ജൂലൈ 09, രാവിലെ 11, എസ് എന്‍ ഡി പി ഓഡിറ്റോറിയം.
മണിയാര്‍, ജൂലൈ 12, ഉച്ചയ്ക്ക് ശേഷം മൂന്നിന്, മണിയാര്‍ ഹൈസ്‌കൂള്‍.
കുമ്പളത്താമണ്‍, ജൂലൈ 10, ഉച്ചയ്ക്ക് ശേഷം 2.30, മുക്കുഴി ബാലവാടിയില്‍.
തലച്ചിറ, ജൂലൈ 14, രാവിലെ 10.30, എസ് എന്‍ ഡി പി ഓഡിറ്റോറിയം.
തെക്കുംമല,  ജൂലൈ 10, രാവിലെ 10.30, തെക്കുംമല സെന്റ്‌തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍.
ഇടത്തറ, ജൂലൈ 11, ഉച്ചയ്ക്ക് ശേഷം 01.30, എംറ്റിഎല്‍പി സ്‌കൂള്‍.
നരിക്കുഴി ജൂലൈ 11, ഉച്ചയ്ക്ക് ശേഷം 3.30, ചെങ്ങറമുക്ക് എംറ്റിഎല്‍പി സ്‌കൂള്‍.
കുമ്പളാംപൊയ്ക,  ജൂലൈ 11, രാവിലെ 10.30, കുമ്പളാംപൊയ്ക സിഎംഎസ് ഓഡിറ്റോറിയം.
ഇടക്കുളം, ജൂലൈ 14, ഉച്ചയ്ക്ക് ശേഷം 02.30, പളളിക്കമുരുപ്പ് സാംസ്‌കാരിക നിലയം.
ഫോണ്‍ : 04735 252029.

പി.എസ്.സി അഭിമുഖം

ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍. 335/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായി  ജൂലൈ 16 രാവിലെ  9.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍  അഭിമുഖം നടത്തും.  ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.

പി.എസ്.സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍. 082/24) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 17, 18
തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍  അഭിമുഖം നടത്തും.  ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.


കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി,  കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടമേഷന്‍, ഓട്ടോകാഡ്, അഡ്വാന്‍സിഡ് ഗ്രാഫിക് ഡിസൈന്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍ : 0469 2961525, 8281905525.


അടൂര്‍ കെഎസ്ആര്‍ടിസി ‘ഇ ഓഫീസ് ‘

അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.  എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 4.83 ലക്ഷം രൂപ വിനിയോഗിച്ചാണ് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കിയത്.

സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്.  കെഎസ്ആര്‍ടിസി ഓഫീസ് നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും താമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധ്യമാകുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.മഹേഷ്‌കുമാര്‍ അധ്യക്ഷനായി. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രമോദ് ശങ്കര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്‍, കെഎസ്ആര്‍ടിസി സംഘടന പ്രതിനിധികളായ ടി കെ അരവിന്ദ്, ജി എസ് അരുണ്‍, ഡി പ്രശാന്ത,് ജി അനില്‍കുമാര്‍, സി അഭിലാഷ്, എടിഒ ബി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


വായനാപക്ഷാചരണ താലൂക്ക് സമാപനം

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍ ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി സതികുമാരി, താലൂക്ക് സെക്രട്ടറി വിജു രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ ജി വാസുദേവന്‍, ജോയിന്റ് സെക്രട്ടറി വിനോദ് മുളമ്പുഴ,എക്സിക്യൂട്ടീവ് അംഗങ്ങളായ സിംലകുമാരി മീരാ സാഹിബ്, തെങ്ങമം ഗോപകുമാര്‍, ബിനു വെള്ളച്ചിറ, പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!