
konnivartha.com: പത്തനംതിട്ട ജില്ലയിലെ പാറമടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ ഉണ്ടാകണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, പ്രസിഡൻ്റ് എസ്.ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു.
രണ്ട് തൊഴിലാളികളുടെ മരണത്തിനിടയാക്കിയകോന്നി പയ്യനാമണ്ണിലെ ചെങ്കുളം പാറമടയിലെ അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
വൻതോതിൽ പാറ ഖനനം നടത്തുന്ന ഇവിടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയാണ് ഖനനം നടത്തി വരുന്നത്.പാറയുടെ ഉയരത്തിന് അനുസരിച്ച് കൃത്യ അളവിൽ ബഞ്ചുകൾ നിർമിച്ച് ഖനനം നടത്തണമെന്ന നിയമം ലംഘിക്കപ്പെട്ടതാണ് അപകടത്തിന് ആക്കം കൂട്ടിയത്.അപകട സ്ഥിതിയിലായിട്ടും ഖനനം തുടരുകയായിരുന്നു.
അഥിതി തൊഴിലാളികളാണ് ഇവിടെ ബഹുഭൂരിപക്ഷം തൊഴിലെടുക്കുന്നത്. മറ്റ് സ്ഥാപനങ്ങളിൽ നാട്ടിലെ തൊഴിലാളികളാണ് ഏറെയും പണിയെടുക്കുന്നത്.ഇവിടെ നടക്കുന്ന നിയമം ലംഘന പ്രവർത്തികൾ പുറത്ത് അറിയാതിരിക്കാനാണ് അഥിതി തൊഴിലാളികളെ നിയമിച്ചത്.
മനുഷ്യന്റെയും ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കി മാത്രമേ ക്വാറികളുടെ പ്രവർത്തനം നടത്താൻ പാടുള്ളു. ഇനിയും ജില്ലയിലുള്ള ക്വാറികളിൽ ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ശക്തമായ നിരീക്ഷണവും നടപടികളും ഉണ്ടാകണം.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ അലംഭാവമുണ്ടാകാൻ പാടില്ല.
പാറമട ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത്, സുരക്ഷാ സംവിധാനമില്ലാത്ത പാറമട അടച്ചു പൂട്ടണമെന്നും, മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ക്വാറി ഉടമ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് ശ്യാമ ശിവൻ, ജില്ലാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ, കോന്നി പഞ്ചായത്ത് കൺവീനർ ഷാഹീർ പ്രണവം, ശ്യാംകുമാർ എന്നിവരും ഇവരോടൊപ്പം സ്ഥലം സന്ദർശിച്ചു.