
പത്തനംതിട്ട നഴ്സിങ് കോളേജിന് ഐഎൻസി അംഗീകാരം നേടിയെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം: എസ്‌ഡിപിഐ
konnivartha.com: പത്തനംതിട്ടയിലെ സർക്കാർ നഴ്സിങ് കോളജിലെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം ഡി ബാബു. നഴ്സിങ് കോളേജിന് അടിസ്ഥാന സൗകര്യമൊരുക്കണം.
ഐഎൻസി അംഗീകാരം നേടിയെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കഴിഞ്ഞവർഷം മന്ത്രി വീണാ ജോർജും ആരോഗ്യ വകുപ്പ് അധികൃതരും നൽകിയ ഉറപ്പുകൾ ഒന്നുംതന്നെ പാലിച്ചിട്ടില്ല. അതിനിടയിലാണ് വീണ്ടും വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ മന്ത്രി കബളിപ്പിക്കുന്നത്.
ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) അംഗീകാരം ലഭിക്കാതെയാണ് കോളജ് പ്രവർത്തിക്കുന്നത്. 2023ലാണ് മാക്കാംകുന്നിലെ വാടകക്കെട്ടിടത്തിൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. രണ്ടര ഏക്കർ കാമ്പസ് വേണമെന്ന നിബന്ധന ഉള്ളിടത്ത് കുടുസ്സ് മുറിയിലാണ് ക്ലാസുകൾ നടക്കുന്നത്. 118 വിദ്യാർഥികൾക്കു ആകെ 2 ശുചിമുറികൾ മാത്രമാണ് കെട്ടിടത്തിലുള്ളത്. കോളജിനു ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ വലിയ ഫീസ് നൽകി വിദ്യാർഥികൾ സ്വകാര്യ ഹോസ്റ്റലുകളിലാണ് താമസിക്കുന്നത്. കോളജിനു സ്വന്തമായി വാഹനവുമില്ല. അംഗീകാരമില്ലാത്തതിനാൽ വിദ്യാഭ്യാസ വായ്പ പോലും മിക്കവർക്കും കിട്ടിയില്ല.
ഇതേതുടർന്ന് നിർധനരായ നിരവധി വിദ്യാർത്ഥികൾ പഠനം അവസാനിപ്പിച്ച് പോയി. അനാട്ടമി പഠനത്തിന് കയ്യിൽ നിന്ന് കാശുമുടക്കി കോന്നി മെഡിക്കൽ കോളജിൽ പോകണം. പ്രായോഗിക പരിശീലനം കോട്ടയം മെഡിക്കൽ കോളേജിലാണ്.
ആദ്യ ബാച്ച് അടുത്തവർഷം ഇറങ്ങാനിരിക്കെ നഴ്സിങ് കൗൺസിൽ അംഗീകാരമില്ലാത്തതിനാൽ ജോലി തുലാസിലാണ്. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ താമസത്തിനും യാത്രയ്ക്കും വലിയ ചെലവ് വന്നിട്ടുണ്ട്. കോളജ് മലയാലപ്പുഴയിലെ കെട്ടിടത്തിലേക്ക് മാറ്റാമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. ഇനി ഒരു ഉറപ്പും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിച്ച് കോളജിന് അംഗീകാരം അടിയന്തരമായി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.