വഞ്ചിപ്പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു : തിരുവാറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം

Spread the love

“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ-
ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ.
പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു
സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”.

 

 

അജിത്കുമാർ പുതിയകാവ്

konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്.

വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും.

ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക – ഇടയാറന്മുള,പൂവത്തൂർ പടിഞ്ഞാറ്,ഓതറ,കോടിയാട്ടുകര,വെൺപാല – കദളിമംഗലം എന്നി 7 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ആറന്മുള ക്ഷേത്രത്തിലെ ഉച്ചപൂജക്ക്‌ ശേഷം ആനക്കൊട്ടിലിൽ ഭഗവാന് മുന്നിൽ നിലവിളക്ക് കൊളുത്തി തൂശനിലയിൽ വിഭവങ്ങൾ വിളമ്പി തിരുമുന്നിൽ സമർപ്പിക്കുന്നതോടെ മറ്റൊരു വള്ളസദ്യ വള്ളംകളി കാലത്തിന് കൂടി ആറന്മുളയിൽ തുടക്കമാകും.

പള്ളിയോട സേവാസംഘം സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് സോപാനം ഓഗസ്റ്റ് 10 മുതൽ 30 വരെ ക്ഷേത്രസന്നിധിയിൽ നടക്കും. സോപാനം മത്സരവിജയികൾക്ക് 52 പവൻ സ്വർണത്തിൽ നിർമ്മിച്ച വഞ്ചിപ്പാട്ട് സോപാനം എവറോളിങ് സുവർണ ട്രോഫിയും 25000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടും മുന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000 രൂപയും 10000 രൂപയും സമ്മാനമായി ലഭിക്കും.

 

മൂലം നാളായ സെപ്റ്റംബർ 2 ന് കുമാരനല്ലൂർ മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരി മങ്ങാട്ട് ഇല്ലത്തു നിന്നും തന്റെ ചുരുളൻ വള്ളത്തിൽ ആറന്മുളയിലേക്കു യാത്രതിരിക്കും . ഉത്രാടം നാളായ സെപ്റ്റംബർ 4 ന് വൈകുന്നേരം പള്ളിയോടങ്ങളുടെ അകമ്പടിയോടെ തൃക്കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽ നിന്ന് ആറന്മുളതമ്പുരാന് തിരുവോണസദ്യക്കുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ തിരുവോണത്തോണി ആറന്മുളയിലേക്കു യാത്രതിരിക്കും. പമ്പാനദിയുടെ ഇരുകരകളിലുമുള്ള ഭക്തജനകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആദ്യം അയിരൂർ മഠത്തിലും തുടർന്ന് മേലുകര വെച്ചൂർ മനയിലും എത്തി വഴിപാടുകൾ സ്വീകരിച്ചു തിരുവോണപ്പുലരിയിൽ ആറന്മുളയിൽ എത്തുന്ന തിരുവോണത്തോണിയെ പള്ളിയോടങ്ങളുടെ അകമ്പടിയോടെ ക്ഷേത്രക്കടവിലേയ്ക്ക് ആനയിക്കും, ക്ഷേത്രക്കടവിൽ തിരുവോണത്തോണിയെ ആചാരപരമായി സ്വീകരിയ്ക്കും.

തിരുവോണം നാളിൽ പേരൂർച്ചാൽ ജലമേള നടക്കും. തിരുവോണം നാളിൽ നടക്കുന്ന ഈ ജലമേളയിൽ കിഴക്കൻ മേഖലയിൽ നിന്നുള്ള പള്ളിയോടങ്ങൾ പങ്കെടുക്കും. മൂന്നാം ഓണം ദിനമായ അവിട്ടംനാളിൽ റാന്നി അവിട്ടം ജലോത്സവം പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകടവിൽ നടക്കും. നേരത്തെ അവിട്ടംനാളിൽ മാലക്കരയിൽ നടന്നുവന്ന ജലമേള പുനരാരംഭിക്കണമെന്ന ആവശ്യം പള്ളിയോടക്കരകളിൽ നിന്നുയരുന്നുണ്ട്.

 

നാലാം ഓണദിനത്തിൽ സെപ്റ്റംബർ 7 ന് ചതയംനാളിൽ അയിരൂർ പുതിയകാവ് മാനവമൈത്രി ചതയജലോത്സവും ഇറപ്പുഴ ചതയ ജലോത്സവവും നടക്കും. അയിരൂർ പുതിയകാവ് ദേവിക്ഷേത്രക്കടവിൽ നടക്കുന്ന മാനവമൈത്രി ചതയജലോത്സവം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ ഓർമ്മയ്ക്കായി നടത്തുന്നതാണ്, ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾ ക്ഷേത്രത്തിലെത്തി ഭഗവതിയെ വണങ്ങി ജലഘോഷയാത്രയിൽ പങ്കുകൊള്ളുന്നു. മത്സരം ഒഴിവാക്കി പാരമ്പര്യത്തനിമയിൽ കളിക്കുന്ന പള്ളിയോടങ്ങൾ ഉൾപ്പെടുന്ന ഇരുവിഭാവങ്ങളിലും പെടുന്ന ഓരോ ബാച്ചിനെയാണ് വിജയികളായി തിരഞ്ഞെടുക്കുന്നത് .ഓണമായ വിശ്വപ്രസിദ്ധമായ “ഉതൃട്ടാതി ജലമേള” സെപ്റ്റംബർ 9 ന് പുണ്യനദിയായ പമ്പയിൽ ആറന്മുള നെട്ടായത്തിൽ നടക്കും. ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത, ആറന്മുള എന്ന പൈതൃകഗ്രാമം ലോകത്തിന് സമ്മാനിച്ച പള്ളിയോടങ്ങളുടെ നയനാഭിരാമമായ ജലഘോഷയാത്രയാണ് ആറന്മുള ഉത്രിട്ടാതി ജലമേളയുടെ മുഖ്യആകർഷണം. തുടർന്ന് മന്നം ട്രോഫിക്കായുള്ള മത്സര വള്ളംകളിയും നടക്കും.

ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14ന് നടക്കും. ഭഗവാന്റെ ജന്മാഷ്ടമിനാളിൽ നടക്കുന്ന വിശ്വപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയിൽ 52 പള്ളിയോടകരക്കാരും ഭക്തജനങ്ങളും പങ്കെടുക്കും.ഭഗവാന്റെ തിരുമുറ്റത്ത് ജന്മഷ്ടമിദിനത്തിൽ പതിനായിരങ്ങൾക്ക് പിറന്നാൾസദ്യ വിളമ്പും.അതിന് മുന്നോടിയായി ചേനപ്പാടി കരക്കാരുടെ പാളതൈര് സമർപ്പണവും നടക്കും.

 

error: Content is protected !!